Breaking NewsFeatured

നടന വിസ്മയം മാമുക്കോയ ഓർമയായി

കോഴിക്കോട് – മലയാള സിനിമയിലെ തമാശയുടെ സുൽത്താൻ മാമുക്കോയ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 76 വയസായിരുന്നു അദ്ദേഹത്തിന്. ഏപ്രിൽ 24ന് മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ തലച്ചോറിലേക്കുള്ള രക്തസ്രാവം കൂടി ബോധം നഷ്‌ടമായതോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കാതിരുന്ന അദ്ദേഹത്തിന്റെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

അടുത്തിടെയാണ് മാമുക്കോയക്ക് അർബുദം ബാധിച്ചത്. തൊണ്ടയിലായിരുന്നു കാൻസർ. 33 റേഡിയേഷൻ, ആറു കീമോതെറാപ്പി എന്നിവക്ക് വിധേയനായെങ്കിലും എല്ലാം വരുന്നിടത്തുവച്ചുകാണാം എന്ന രീതിയായിരുന്നു മാമുക്കോയ ജീവിതത്തിൽ അനുവർത്തിച്ചത്. നമുക്ക് അസുഖം വരുമെന്നും അപ്പോൾ നിലവിളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞിട്ടുള്ള മാമുക്കോയ, പ്രതിസന്ധികളെ അതിജീവിക്കണമെന്നും മാനസികാവസ്ഥയാണ് പ്രധാനമെന്നും അടിയുറച്ച് വിശ്വസിച്ചിരുന്നു.

1946 ജൂലായ് 5ന് കോഴിക്കോടാണ് മാമുക്കോയ ജനിച്ചത്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടകപ്രവർത്തനത്തിൽ സജീവമായിരുന്നു.
കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്‌ത ചരിത്രമാണ് മാമുക്കോയക്കുള്ളത്. സിനിമാനടൻ ആകുന്നതിന് മുമ്പ് കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയിരുന്ന കാലഘട്ടം അദ്ദേഹത്തിനുണ്ടായിരുന്നു. തുടർന്ന് നാടകത്തിൽ നിന്ന് സിനിമയിലേക്കെത്തി. 1979ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമി ആയിരുന്നു ആദ്യ സിനിമ. തുടർന്ന് സിബി മലയിൽ സംവിധാനം ചെയ‌്ത ദൂരെ ദൂരെ ഒരു കൂട്ടാം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. മോഹൻലാൽ നായകനായ ഈ ചിത്രത്തിലെ അറബിക് മുൻഷി എന്ന മാമുക്കോയ അവതരിപ്പിച്ച വേഷം ഹിറ്റാവുകയായിരുന്നു. തുടർന്നങ്ങോട്ട് സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അളവറ്റ് ചിരിപ്പിക്കുകയായിരുന്നു മാമുക്കോയ.റാംജി റാവ് സ്പീക്കിംഗ് എന്ന സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ കന്നിചിത്രത്തിലെ ഹംസക്കോയയെ ആർക്കാണ് മറക്കാൻ സാധിക്കുക. ഇതിലെ ബാലർഷ്‌ണാ…എന്ന ഡയലോഗ് ഇന്നും യുവതലമുറ ആഘോഷിക്കുന്ന വാക്കുകളിലൊന്നാണ്. ഈ സോഷ്യൽ മീഡിയ യുഗത്തിലും തഗ്ഗ് ഡയലോഗുകളിൽ മാമുക്കോയ പറഞ്ഞതിലപ്പുറം പറയാൻ ആർക്കാണ് സാധിച്ചിട്ടുള്ളത്.

നാടോടിക്കാറ്റിലെ ഗഫൂർ, സന്ദേശത്തിലെ എ.കെ പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ മാമ, വെട്ടത്തിലെ ഹംസക്കോയ, രാമൻ കർത്താ, മഴവിൽക്കാവടിയിലെ കുഞ്ഞിഖാദർ, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേൽപ്പിലെ ഹംസ, പ്രാദേശിക വാർത്തകളിലെ ജബ്ബാർ, കൺകെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടർ പശുപതിയിലെ വേലായുധൻ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദൻ മേസ്‌തിരി, നരേന്ദ്രൻ മകൻ ജയകാന്തനിലെ നമ്പീശൻ, കളിക്കളത്തിലെ പൊലീസുകാരൻ, ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാൽ, കൗതുക വാർത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കർ, പെരുമഴക്കാലത്തിലെ അബ്ദു, ഉസ്ദാത് ഹോട്ടലിലെ ഉമ്മർ, കെ.എൽ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാർ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കർ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നൽ മുരളിയിലെ ഡോക്ടർ നാരായണൻ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. പ്രിയദർശനും സിദ്ദിഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടൻ ഹാസ്യത്തിന് മാറ്റുകൂട്ടി. സംഭാഷണത്തിലെ ഉരുളക്കുപ്പേരി മറുപടികൾ പലതും മാമുക്കയുടെ സംഭാവനകളായിരുന്നു.

2001 ൽ സുനിൽ സംവിധാനം ചെയ്ത കോരപ്പൻ ദ ഗ്രേറ്റ്, ഇ.എം അഷ്റഫിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളിൽ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്‌ ചിത്രങ്ങൾ.പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യക ജൂറി പരാമർശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ൽ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു. അഷ്റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മൻസിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവർ മക്കളാണ്.

Shares:

Related Posts

Breaking News

യുഎഇയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾ തിരിച്ചടി; സൗജന്യ ല​ഗേജിന്റെ പരമാവധി ഭാരം കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ദു​ബായ്: യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കി എയർ ഇന്ത്യാ എക്സപ്രസ്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോവുന്ന ല​ഗേജിൻ്റെ പരമാവധി ഭാരം എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചു. 30 കിലോ ല​ഗേജിൽ നിന്ന് 20 കിലോയിലേക്കാണ് കുറച്ചത്. ആ​ഗ്സറ്റ് 19ന് ശേഷം
Breaking News

അബൂദബി പൊലീസിന്റെ കർശന മുന്നറിയിപ്പ്; യെല്ലോ ബോക്സ് നിയമലംഘനത്തിന് 500 ദിർഹം പിഴ

അബൂദബി: ട്രാഫിക് സിഗ്നലുകളിലും പ്രധാന റോഡ് ജങ്ഷനുകളിലും മഞ്ഞ വരകളാൽ അടയാളപ്പെടുത്തിയിരിക്കുന്ന ‘യെല്ലോ ബോക്സ്’ മേഖലകളിൽ വാഹനം നിർത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബൂദബി പൊലീസ് അറിയിച്ചു. ഇന്റർസെക്ഷനുകളിൽ വാഹനങ്ങൾ അനാവശ്യമായി യെല്ലോ ബോക്സിനുള്ളിൽ നിൽക്കുന്നത് ഗതാഗത
Gulf

എ.കെ.എം.ജി എമിറേറ്റ്സ് ഇരുപതാം വാർഷികാഘോഷം: ശശിതരൂർ മുഖ്യാതിഥി

ദുബായ് - യുഎഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എകെഎംജി എമിറേറ്റ്സിന്‍റെ ഇരുപതാം വാ‍ർഷികാഘോഷം മെയ് 14 ന് അജ്മാനില്‍ നടക്കും. ശശി തരൂർ എം പി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അജ്മാന്‍ (മുന്‍ കെമ്പിന്‍സ്കി) ഹോട്ടലിലാണ് ഐഷറീന്‍ എന്നുപേരിട്ടിരിക്കുന്ന
Gulf

ഡിസംബര്‍ 2, 3 തീയതികളില്‍ ഓര്‍മ ‘കേരളോത്സവം’ ദുബൈയില്‍

ദുബായ് - ദേശീയ ദിനാഘോഷ ഭാഗമായി ലുലു എക്‌സ്‌ചേഞ്ച് പ്രായോജകരാകുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കേരളോത്സവം ഡിസംബര്‍ 2, 3 തീയതികളില്‍ ദുബായ് ഖിസൈസിലെ ക്രസന്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 4 മുതല്‍ ഓര്‍മ ആഭിമുഖ്യത്തില്‍ അരങ്ങേറും. മൂന്നിന് നടക്കുന്ന
Leave a Reply

Your email address will not be published. Required fields are marked *