കൊച്ചി: കേരളത്തിൽ സ്വർണവിലയിലെ സർവകാല റെക്കോഡ് പുതിയ ഉയരത്തിലെത്തി. രണ്ട് ദിവസത്തിനിടെ 1,200 രൂപ വർധിച്ച് കഴിഞ്ഞ ദിവസം പവന് 79,560 രൂപയായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ വർധിച്ച് 9945 രൂപയിലാണ് ഇന്ന് വിൽപ്പന നടക്കുന്നത്. പവന് വെള്ളിയാഴ്ച 560ഉം ശനിയാഴ്ച 640 രൂപയുമാണ് കൂടിയത്. ഗ്രാമിന് 10,000 രൂപയിലേക്ക് ഉയർന്ന് 55 രൂപ മാത്രം മതി നിലവിലെ വിലയിൽ നിന്ന് പവന് 80,000 എത്താൻ. എന്നാൽ 18 കാരറ്റ് സ്വർണം ഗ്രാമിന് -8165, 14 കാരറ്റ് -6355, 9 കാരറ്റ് -4100 രൂപ എന്നിങ്ങനെയാണ് ശനിയാഴ്ചത്തെ വില. വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 133 രൂപക്കാണ് വിൽപ്പന നടക്കുന്നത്.
ഇതോടുകൂടി അന്താരാഷ്ട്ര സ്വർണവില എക്കാലത്തെയും ഉയരുന്ന റെക്കോർഡ് വില ആയ ഔൺസിന് 3600 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 88.20 മാണ്. 24കാരറ്റ് സ്വർണക്കട്ടി ഒരു കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി 5 ലക്ഷം രൂപ ആയിട്ടുണ്ട്. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറിയെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ലോകത്തിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും സ്വർണത്തിന് പോസിറ്റീവായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്.എന്നാൽ വരാനിരിക്കുന്ന ആഘോഷമായ ദീപാവലിയോടെ ഗ്രാമിന് വില പതിനായിരത്തിലേക്കും പന്ത്രണ്ടായിരം രൂപയിലേക്കും വില എത്തുമെന്നാണ് സൂചന. അന്താരാഷ്ട്ര സ്വർണ്ണവില ഔൺസിന് 3800 ഡോളറിലേക്ക് എത്തുമെന്നും വിലയിരുത്തുന്നു.


