ദുബായ്: സെൻസർ ബോർഡിന്‍റെ നടപടി മൂലം വിവാദത്തിലായ ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ) സിനിമയുടെ റിലീസിനുവേണ്ടി പൊതുജനമറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി കേന്ദ്ര സഹമന്ത്രിയും സിനിമയിലെ നായകനുമായ സുരേഷ് ഗോപി. സിനിമ റിലീസുമായി ബന്ധപ്പെട്ട് യു.എ.ഇയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഉന്നത തലത്തിൽ ചർച്ച ചെയ്ത് ചില തിരുത്തലുകളിലേക്ക് നയിക്കുന്നതിന് സുഹൃത്തുക്കളായ പ്രധാന നേതാക്കളുമായി സംസാരിച്ചു. എന്നാൽ, മന്ത്രിയെന്ന നിലയിൽ ഔദ്യോഗിക സംവിധാനത്തിൽ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ സെൻസറിങ് വേണമെന്ന് തോന്നിയിട്ടില്ല. 96 ഇടങ്ങളിൽ സെൻസറിങ് വേണ്ടിവരുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, രണ്ടിടത്ത് മാത്രമാണ് സെൻസറിങ് നടത്തിയത്. ഇതൊരു പ്രോപഗണ്ട സിനിമ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ ചിത്രീകരണം പൂർത്തിയായി റിലീസിങ്ങിന്‍റെ തൊട്ടുമുമ്പ് മാത്രമാണ് വിവാദമുണ്ടായത്, പബ്ലിസിറ്റിക്കുവേണ്ടിയാണ് ഇത്തരമൊരു വിവാദമുണ്ടാക്കിയതെന്ന ആരോപണം തെറ്റാണെന്നും സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. ഇത്തരത്തിലുള്ള പ്രസ്ഥാപനകൾ പറയുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമാതാവ് ജെ. ഫാനിന്ദ്രകുമാർ, നടൻ അസ്ഗർ അലി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. കോസ്‌മോസ് എന്റർടൈൻമെന്റ്സിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്. സേതുരാമൻ നായർ കാങ്കോൽ സഹനിർമ്മാതാവാണ്. ഫാർസ് ഫിലിംസാണ് ചിത്രത്തിന്‍റെ ഗൾഫിലെ വിതരണക്കാർ.