ദുബായ്: ഗൾഫ് രാജ്യങ്ങളിൽ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം അവസാന പാദത്തോടെ ആരംഭിക്കുമെന്ന് യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി. ദേശീയ വാർത്ത ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ജി.സി.സി ഗ്രാൻഡ് ടൂറിസ്റ്റ് വിസ എന്ന പേരിൽ പുറത്തിറക്കുന്ന വിസക്ക് മൂന്നു മാസമായിരിക്കും പ്രാബല്യം. 2023ൽ ഗൾഫ് സഹകരണ കൗൺസിൽ അംഗീകാരം നൽകിയിരുന്ന
പദ്ധതി നടപ്പിലാവുന്നതോടെ ഒറ്റ വിസയിൽ യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. ലോകത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ എന്ന നിലയിൽ ഗൾഫിന്റെ കൂട്ടായ ആകർഷണം വർധിപ്പിക്കുന്നതിനും പ്രാദേശിക സംയോജനത്തിനുമുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും ഏകീകൃത വിസയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഷെങ്കൻ വിസ മാതൃകയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ തീരുമാനം ഗൾഫ് രാജ്യങ്ങളിൽ ബന്ധുക്കളുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും. നിലവിൽ ഓരോ രാജ്യത്തേക്കും സഞ്ചരിക്കുന്നതിന് പ്രത്യേകം വിസ എടുക്കണം. ഏകീകൃത വിസ വരുന്നതോടെ ഇതിനായുള്ള നടപടിക്രമങ്ങളുടെ കാലതാമസവും പണവും ലാഭിക്കാനാവും. ജി.സി.സിയിലെ വിവിധ രാജ്യങ്ങളിൽ ബിസിനസുള്ളവർക്ക് ഏകീകൃത വിസകൂടി വരുന്നതോടെ ഇടക്കിടെ അവിടങ്ങളിൽ സന്ദർശനം പൂർത്തിയാക്കി മടങ്ങാനാവും. ഈ വർഷം 33 ലക്ഷം ടൂറിസ്റ്റുകളാണ് 2024ൽ യു.എ.ഇ സന്ദർശിച്ചത്. ഇത് മൊത്തം സന്ദർശകരുടെ 11 ശതമാനം വരുമെന്നും മന്ത്രി പറഞ്ഞു, എന്നാൽ കഴിഞ്ഞ വർഷം സൗദ്യ അറേബ്യയിൽ -19 ലക്ഷവും, ഒമാൻ – 7.7 ലക്ഷവും, കുവൈത്ത് -3.81 ലക്ഷവും, ബഹ്റൈൻ -1.23 ലക്ഷവും സന്ദർശകർ എത്തിയിരുന്നു. എന്നാൽ ഖത്തർ -93,000, സന്ദർശകരാണ് കഴിഞ്ഞ വർഷം സന്ദർശിച്ചിരുന്നത്.