കാബൂൾ: അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 800റിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രണ്ടായിരത്തിലധികം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്.
രാജ്യത്തിൻ്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറുകണക്കിന് ആളുകള് ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണെമന്ന് താലിബാൻ അഭ്യർത്ഥിച്ചു.
അതേസമയം ഭൂകമ്പത്തിൽ പരിക്കേറ്റവരെ കുനാർ പ്രവിശ്യകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് ഭൂകമ്പമുണ്ടായതെന്നും തുടർച്ചയായി മൂന്ന് തുടർചലനങ്ങളുണ്ടായെന്നും യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. രാത്രി 11:47 ന് 8 കിലോമീറ്റർ ആഴത്തിൽ ഭൂകമ്പം ഉണ്ടായതായും നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായി പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതായും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.


