ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിയ്ക്ക് 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിച്ചു. കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനി റഹ്‌മത്ത് ബി മമ്മദ് സാലിക്കാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്. 2023 ഏപ്രില്‍ 24ന് അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് റഹ്‌മത്തിന് ഗുരുതര പരിക്കേറ്റിരുന്നത.്
യുഎഇ പൗരന്‍ ഓടിച്ച നിസാന്‍ കാറാണ് റഹ്‌മത്തിനെ ഇടിച്ചത്. സീബ്രലൈനിലൂടെ അല്ലാതെ റോഡ് മുറിച്ചുകടക്കുന്ന സമയത്താണ് അപകടമുണ്ടായത്. അപകടത്തില്‍ യുവതിയ്ക്ക് തലച്ചോറില്‍ രക്തസ്രാവം, നടുവിന് ഒടിവ്, പേശികള്‍ക്ക് ബലഹീനത, വലത് കൈകാലുകള്‍ക്ക് പക്ഷാഘാതം തുടങ്ങിയ ഗുരുതര പരിക്കുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ദുബായ് റാശിദിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഡ്രൈവറുടെ അശ്രദ്ധയും റോഡ് ഉപയോക്തക്കളെ പരിഗണിക്കാതെയുള്ള ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അശ്രദ്ധമായി റോഡ് മുറിച്ചു കടന്നതിന് റഹ്‌മത്തും ഉത്തരവാദിയാണെന്ന് പൊലീസും കോടതിയും കണ്ടെത്തി. യുഎഇ പൗരന് 3000 ദിര്‍ഹവും യുവതിയ്ക്ക് 1000 ദിര്‍ഹവും പിഴ ചുമത്തുകയും ചെയ്തിരുന്നു.
പിന്നാലെ ദുബായിലെ പ്രമുഖ ലീഗല്‍ സര്‍വീസ് സ്ഥാപനത്തിന്റെ സഹായത്തില്‍ റഹ്‌മത്ത് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കുകയായിരുന്നു.കേസ് കോടതി പരിഗണിക്കുകയും റഹ്‌മത്തിന് ഉണ്ടായ ഗുരുതര പരിക്കുകള്‍ കണക്കിലെടുത്ത് അപകടം നടന്ന സമയത്തെ ഇന്‍ഷൂറന്‍സ് കമ്പനി ഒരു 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. ഈ വിധിക്കെതിരെ എതിര്‍ഭാഗം അപ്പീല്‍ കോടതിയിലും സുപ്രീം കോടതിയിലും അപ്പീലുകള്‍ നല്‍കിയെങ്കിലും കോടതി തള്ളി.


