റിയാദ്: സൗദി അറേബ്യയിൽനിന്ന് റഷ്യയിലേക്ക് ഇനി നേരിട്ട് സർവീസ്. റിയാദിനും മോസ്കോയ്ക്കുമിടയിൽ നേരിട്ടുള്ള ആദ്യ വിമാന സർവിസിന് തുടക്കമായി. സൗദി വിമാന കമ്പനി ഫ്ലൈനാസിന്റെ ആദ്യ വിമാനം റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് യാത്രക്കാരെയും വഹിച്ച് മോസ്കോ നുകോവോ ഇൻറർനാഷനൽ എയർപ്പോർട്ടിലിറങ്ങി.
റിയാദിൽ നിന്ന് വെള്ളിയാഴ്ച പറന്നുയർന്ന വിമാനം റഷ്യയിലെത്തിയപ്പോൾ നുകോവോ വിമാനത്താവളത്തിൽ ജലധാര നടത്തിയാണ് വരവേൽപ്പ് നൽകിയത്. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് സർവിസ് നടത്തുക. സൗദി അറേബ്യയും റഷ്യയും തമ്മിൽ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് നേരിട്ടുള്ള വിമാന സർവിസ് ആരംഭിച്ചിരിക്കുന്നത്.