ദുബായ്: നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കായി നൂതന സേവന സംവിധാനങ്ങൾ അവതരിപ്പിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ഏഴാമത് ആക്സസ് എബിലിറ്റീസ് എക്സ്പോയിലാണ് സേവനങ്ങൾ പ്രദർശിപ്പിച്ചത്. ‘സലാമ’ എ.ഐ പ്ലാറ്റ്ഫോം, ‘ഹാപ്പിനസ് കാർഡ്, ഏകീകൃത ആശയവിനിമയ പ്ലാറ്റ്ഫോം ‘04’, ‘കഫാത്തി’ പ്രോഗ്രാമിലെ കൺസൾട്ടേഷൻ ഹബ്ബ്, ഔദ്യോഗിക വെബ്സൈറ്റ്, തിരിച്ചറിയൽ, പൗരത്വ സേവനങ്ങൾ, പ്രവേശനാനുമതി, ഗോൾഡൻ വിസ സേവനങ്ങൾ തുടങ്ങിയ നിശ്ചയദാർഢ്യമുള്ളവർക്ക് സൗഹൃദപരമായ നിരവധി സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടും.

കൂടാതെ നിശ്ചയദാർഢ്യമുള്ളവരുടെ ആത്മവിശ്വാസവും പ്രതിഭയും ആഘോഷിക്കുന്ന ‘ഐ വിൽബി വാട്ട് ഐ വാണ്ട്’ എന്ന പ്രത്യേക സംരംഭവും ഈ വർഷം ജി.ഡി.ആർ.എഫ്.എ അവതരിപ്പിച്ചു. നിശ്ചയദാർഢ്യമുള്ളവരുടെ ജീവിത നേട്ടങ്ങളെ ആസ്പദമാക്കിയ സാഹിത്യ പരമ്പരയും എഴുത്തുകാരുമായുള്ള പ്രതിദിന പുസ്തക പ്രകാശന സെഷനുകളും ഈ സംരംഭത്തിന്റെ ഭാഗമാണ്. ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പവിലിയൻ സന്ദർശിച്ചു. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നിശ്ചയദാർഢ്യമുള്ളവരുടെ സേവനലഭ്യതയും ജീവിത ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ജി.ഡി.ആർ.എഫ്.എ അവതരിപ്പിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും നൂതന സേവനങ്ങളും ശൈഖ് മൻസൂർ പരിചയപ്പെട്ടു.