Featured Gulf UAE

പുതിയ വർക്ക്‌ ​പെർമിറ്റ്​ സംവിധാനം ​പ്രഖ്യാപിച്ച് ദുബായ്; ഫ്രീസോൺ കമ്പനികൾക്ക്​ പുറത്തും പ്രവർത്തിക്കാം

Written by themediatoc

ദുബായ്: ഇനിമുതൽ എമിറേറ്റിലെ ഫ്രീസോണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക്​ സുപ്രധാന മേഖലകളിലേക്കും വാണിജ്യ, പ്രവർത്തനം വ്യാപിപ്പിക്കാൻ അനുമതി നൽകുന്ന പുതിയ പെർമിറ്റ്​ സംവിധാനം ​പ്രഖ്യാപിച്ച്​ സാമ്പത്തിക, ടൂറിസം ഡിപാർട്ട്​മെന്‍റ്​ (ഡി.ഇ.ടി). ഇതനുസരിച്ച് ഇനിമുതൽ ചെറുകിട സംരംഭങ്ങൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും ഒരുപോലെ വളർച്ച കൈവരിക്കാൻ സഹാകമാവുന്നതാണ്​ പുതിയ നീക്കം. ഫ്രീസോൺ കമ്പനികൾക്ക്​ പ്രവർത്തന പരിധി എളുപ്പത്തിൽ വിപുലീകരിക്കുന്നതിനൊപ്പം ആഭ്യന്തര വ്യാപാരത്തിൽ ഏർപ്പെടാനും സർക്കാറിന്‍റെ കരാറുകൾ നേടാനും പുതിയ പെർമിറ്റിലൂടെ സാധിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സാ​ങ്കേതികവിദ്യ, കൺസൽട്ടൻസി, ഡിസൈസൻ, പ്രഫഷനൽ സേവനങ്ങൾ, വ്യാപാരം എന്നിവയുൾപ്പെടെ നിയന്ത്രണമില്ലാത്ത മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കായിരിക്കും പെർമിറ്റ്​ നൽകുക. ഭാവിയിൽ നിയന്ത്രണമുള്ള മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആറുമാസത്തേക്കായിരിക്കും​ പെർമിറ്റ്​ അനുവദിക്കുക.​

നിലവിൽ 5,000 ദിർഹമാണ്​ ഫീസ്​. ആറു മാസം കൂടു​മ്പോൾ 5000 ദിർഹം അടച്ച്​​ പെർമിറ്റ്​ പുതുക്കാവുന്നതാണ്​. അതേസമയം, മെയിൻലാന്‍റിൽ പ്രവർത്തിക്കുന്ന ഫ്രീസോൺ കമ്പനികൾക്ക്​ ഒമ്പത്​ ശതമാനം കോർപറേറ്റ്​ നികുതി ബാധകമായിരിക്കും. കൂടാതെ ഫെഡറൽ ടാക്സ്​ അതോറിറ്റി (എഫ്​.ടി.എ)യുടെ നി​ർദേശങ്ങൾ അനുസരിച്ച്​ പ്രത്യേക സാമ്പത്തിക രേഖകൾ സൂക്ഷിക്കുകയും സുതാര്യത ഉറപ്പുവരുത്തുകയും മാർഗനിർദേശങ്ങൾ പാലിക്കുകയും വേണം. ഒപ്പം പെർമിറ്റ്​ നേടുന്ന കമ്പനികൾക്ക്​​ പുതിയ ജീവനക്കാരെ നിയമിക്കാതെ നിലവിലെ ജീവനക്കാരെ മെയിൻലാന്‍റിലും ഉപയോഗിക്കാമെന്ന്​ ഡി.ഇ.ടി അറിയിച്ചു. ആദ്യ വർഷം 10,000 ഫ്രീസോൺ കമ്പനികൾക്ക്​ പെർമിറ്റ്​ നൽകും. ഇതുവഴി മെയിലാന്‍റിലെ ബിസിനസ്​ പ്രവർത്തനങ്ങൾ 15-20 ശതമാനം വർധിപ്പിക്കുകയാണ്​ ലക്ഷ്യം. ആഭ്യന്തര വ്യാപാരത്തിൽ നിന്ന്​ സർക്കാർ കരാറുകൾ വരെ നേടുന്നതിന്​ വേദിയൊരുക്കുന്നതിനൊപ്പം എമിറേറ്റിലെ ബിസിനസ്​ പ്രവർത്തനം എളുപ്പമാക്കുകയാണ്​ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്​ ദുബായ് ബിസിനസ്​ രജിസ്​ട്രേഷൻ ആൻഡ്​ ലൈസൻസിങ്​ കോർപറേഷൻ (ഡി.ബി.എൽ.സി) സി.ഇ.ഒ അഹമ്മദ്​ ഖലീഫ അൽഖൈസ്​ അൽ ഫലാസി പറഞ്ഞു. ദുബായ് ഏകീകൃത ലൈസൻസ്​ നേടിയ ഫ്രീസോൺ കമ്പനികൾക്ക്​ ഇൻവെസ്റ്റ്​ ഇൻ ദുബായ് ഫ്ലാറ്റ്​​ഫോം വഴി ലൈസൻസിന്​ അപേക്ഷ സമർപ്പിക്കാം. ലൈസൻസ്​ നടപടിക്രമങ്ങൾ പൂർണമായും ഓൺലൈനായിരിക്കും.

About the author

themediatoc

Leave a Comment