Gulf UAE

‘നോര്‍ക്ക കെയര്‍’; യു.എ.ഇ യില്‍ പ്രീ-ലോഞ്ച് മീറ്റും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

Written by themediatoc

തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്ന ‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവിന് മുന്നോടിയായി യു.എ.ഇ യില്‍ പ്രീ ലോഞ്ച് യോഗങ്ങള്‍ പൂര്‍ത്തിയായി. ആഗസ്റ്റ് 22 ന് അബുദാബിയില്‍ ചേര്‍ന്ന യോഗത്തോടനുബന്ധിച്ച് നോര്‍ക്ക കെയര്‍ പദ്ധതിയുടെ ലോഗോ പ്രകാശനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണ് ‘നോര്‍ക്ക കെയര്‍’ എന്ന് ചടങ്ങില്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നോര്‍ക്ക കെയറിന് വലിയ സ്വീകാര്യതയാണ് ഇതിനോടകം പ്രവാസി സമൂഹത്തില്‍ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിനകത്തെയും വിദേശത്തേയും എല്ലാ പ്രവാസികേരളീയരേയും ഉള്‍പ്പെടുത്തിയുളളതാണ് നോര്‍ക്ക കെയര്‍ എന്നും അദ്ദേഹം വിശദീകരിച്ചു. 2025 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 21 വരെ സംഘടിപ്പിക്കുന്ന നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് വിജയകരമാക്കാന്‍ പ്രവാസിസമൂഹം മുന്നോട്ടുവരണമെന്നും പി. ശ്രീരാമകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

അബുദാബി ബീച്ച് റോട്ടാന ഹോട്ടലില്‍ ആഗസ്റ്റ് 22 വെള്ളിയാഴ്ച വൈകീട്ട് 7.30 നും, ദുബായില്‍ ആഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗ്ലെൻഡേൽ സ്കൂളിലും, അന്നേദിവസം വൈകുന്നേരം 6.30 ന് ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിലും ചേര്‍ന്ന യോഗങ്ങളില്‍ നോര്‍ക്ക വകുപ്പ് പദ്ധതികളെക്കുറിച്ച് സെക്രട്ടറി എസ്. ഹരികിഷോര്‍ ഐ.എ.എസ്സും, നോര്‍ക്ക കെയര്‍ പദ്ധതിയെക്കുറിച്ച് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും വിശദീകരിച്ചു. യോഗങ്ങളില്‍ നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഒ. വി മുസ്തഫ, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോൺസൽ (കോൺസുലാർ, ലേബർ & മദദ്) പബിത്ര കുമാർ മജുമ്ദാർ, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍, ലോക കേരള സഭ അംഗങ്ങള്‍, പൗരപ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരും സംബന്ധിച്ചു.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബർ 22 നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് വിഭാഗത്തിലെ 0471-2770543,528 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

About the author

themediatoc

Leave a Comment