News Kerala/India The Media Toc

അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനായി ലുക്ക് ഔട്ട് നോട്ടീസ്

Written by themediatoc

കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ ചവറ സ്വദേശിനി അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിനായി കേരളാപോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലവിൽ ബന്തുക്കളും, മറ്റും ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്ന് കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവന അറിയിച്ചു. സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുള്ളത്.

അതുല്യയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീപോസ്റ്റുമോർട്ടം നടത്തുകയാണ്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫോറൻസിക് പരിശോധനാഫലത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിച്ച സാഹചര്യത്തിലാണ് നാട്ടിൽ റീപോസ്റ്റുമോർട്ടം നടത്തുന്നത്. ഇതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കുമെന്നാണ് വിവരം.

ജൂലായ് 19നാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം ആരോപിച്ച് അതുല്യയുടെ സഹോദരി അഖില ഷാര്‍ജ പൊലീസില്‍ പരാതി നൽകിയിരുന്നു. ഭര്‍ത്താവ് സതീഷ് ശങ്കര്‍ തുടര്‍ച്ചയായി ഉപദ്രവിച്ചതിന്റെ തെളിവുകളും വീഡിയോയും പൊലീസിന് കൈമാറിയിരുന്നു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സതീഷിനെതിരെ കൊലപാതകം, ഗാര്‍ഹിക, സ്ത്രീപീഡന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബന്ധുക്കൾ നൽകിയ പരാതിയും വീഡിയോകളിലെ സതീഷിന്റെ പെരുമാറ്റങ്ങളും കണക്കിലെടുത്ത് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു സതീഷ്.

About the author

themediatoc

Leave a Comment