അബൂദബി: സ്കൂളുകളിൽ അധ്യാപകർ പാലിക്കേണ്ട പെരുമാറ്റച്ചട്ടവുമായി അബൂദബി. എല്ലാ വിദ്യാഭ്യാസ സജ്ജീകരണങ്ങളിലും ബഹുമാനം, സമഗ്രത, പ്രഫഷനലിസം എന്നിവ വളർത്തിയെടുക്കുന്നതിനൊപ്പം വിദ്യാർഥികളെയും ജീവനക്കാരെയും വിശാലമായ സ്കൂൾ സമൂഹത്തെയും സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ചാൽ ഗുരുതരമായ നിയമനടപടികൾക്ക് വിധേയരാവേണ്ടിവരുമെന്ന് അധികൃതർ താക്കീത് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ മതത്തിന്‍റെയോ, വംശത്തിന്‍റെയോ, സാമൂഹിക പദവിയുടെയോ, പ്രായത്തിന്‍റെയോ, ലിംഗത്തിന്‍റെയോ അടിസ്ഥാനത്തിൽ സ്കൂൾ സമൂഹ അംഗങ്ങൾക്കെതിരായ വിവേചനമോ, പീഡനമോ, പ്രബോധനത്തിൽ ഏർപ്പെടുക, തീവ്രവാദം പ്രോത്സാഹിപ്പിക്കുക, വംശീയത, ഭീഷണിപ്പെടുത്തൽ, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വിവേചനം, സംസ്കാര വിരുദ്ധമോ സ്കൂൾ ഡ്രസ് കോഡിന് വിരുദ്ധമായതോ ആയ മാന്യതയില്ലാത്ത വസ്ത്രധാരണം, സ്കൂൾ ജീവനക്കാരുടെ പ്രഫഷനും ധാർമികതക്കും വിരുദ്ധമായ പെരുമാറ്റം, സഹപ്രവർത്തകരെ വാക്കാലോ ശാരീരികമായോ ഉപദ്രവിക്കൽ, സഹപ്രവർത്തകന്‍റെ മാന്യതയെ ഹനിക്കുന്ന വ്യാജ പ്രചാരണങ്ങൾ നടത്തുക, പ്രഫഷനൽ യോഗ്യതകളും പ്രവൃത്തിപരിചയവും സംബന്ധിച്ച് തെറ്റായതോ വ്യാജമോ ആയ കാര്യങ്ങൾ അവതരിപ്പിക്കുക തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്ന അധ്യാപകർക്ക് കർശനമായ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.