ദുബായ് : ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൗന്ദര്യ സലൂണ്‍ ശൃംഖലയായ നാച്ചുറല്‍സ് ജി.സി.സി വിപുലീകരണത്തിനൊരുങ്ങുന്നു. ദുബായില്‍ തങ്ങളുടെ പുതിയ സംരംഭം ഖിസൈസിലും, ജുമൈറയിലും പ്രവർത്തനം ആരംഭിച്ച ശേഷമാണ് അബുദബി, കരാമ, ഊദ് മേത്ത, ബുർജുമാന്‍ ഉള്‍പ്പടെ 10 ഇടങ്ങളിൽ കൂടി സേവനം ലഭ്യമാകുന്നതിനെ കുറിച്ച് സി.ഇ.ഒയും കോ-ഫൗണ്ടറുമായ സി.കെ കുമാരവേല്‍ പ്രഖ്യാപനം നടത്തിയത്
സൗന്ദര്യ സലൂണ്‍ ശൃംഖലയായ നാച്ചുറല്‍സ് ഇന്ത്യയില്‍ നിന്നാണ് ഞങ്ങള്‍ തുടങ്ങിയത്. ഗുണമേന്മയുളള ഉല്പന്നങ്ങള് ഉപയോഗിക്കുന്നതുവഴിയും, തങ്ങളുടെ സേവനത്തിന്റെ നിലവാരം സ്ഥാപനം ഉറപ്പാക്കുന്നതുകൊണ്ടും വിവിധ രാജ്യങ്ങളില്‍ നിന്നുളള ഉപയോക്താക്കളുടെ വിശ്വാസം നേടാനായെന്നുളളതിന്റെ തെളിവാണ് യു.എ.ഇയിലെ 10 സ്ഥാപനങ്ങളെന്നും അദ്ദേഹം ദുബായിലെ പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു.
ഇന്ത്യ കൂടാതെ ശ്രീലങ്ക, സിംഗപൂർ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലായുളള നാച്ചുറല്‍സിന്റെ 800 സലൂണുകളിൽ 500 ലധികവും സ്ത്രീ ഉടമസ്ഥതയിലാണെന്നുളളതും പ്രത്യേകതയാണ്. അടുത്ത അഞ്ച് വർഷത്തിനുളളില്‍ 200 മില്ല്യണ്‍ ദിർഹത്തിന്റെ വിപുലീകരണമാണ് ജിസിസിയില്‍ മാത്രം ലക്ഷ്യമിടുന്നത് എന്നും ഈ മേഖലയില്‍ പ്രവർത്തിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് സർട്ടിഫൈഡ് കോഴ്സുകള്‍ പരിശീലിപ്പിക്കുന്ന അക്കാദമിയും ആരംഭിക്കുമെന്നും, ഒപ്പം 2000 ത്തിലധികം ജോലികള്‍ ഇതോടെ ലഭ്യമാക്കാനാകുമെന്നാണ് വിലയിരുത്തുന്നതെന്നും സഹസ്ഥാപകയായ വീണാ കുമാരവേൽ കൂട്ടിച്ചേർത്തു.