ദുബായ്: ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് പൊതു, സ്വകാര്യ മേഖലകൾക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് പൊതുഅവധി. ഏഴു എമിറേറ്റുകൾ ചേർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപവത്കരിച്ചതിന്റെ ബഹുമാനാർഥമാണ് എല്ലാവർഷവും ഡിസംബർ രണ്ടിന് യു.എ.ഇ ദേശീയ ദിനമായി ആഘോഷിക്കുന്നത്. 1971 ഡിസംബർ രണ്ടിനാണ് ഏഴ് എമിറേറ്റുകൾ ചേർന്ന് യു.എ.ഇ രൂപവത്കരിക്കുന്നത്.
വാരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായർ കൂടി വരുന്നതോടെ നിലവിൽ നാല് ദിവസതേക്കാണ് അവധി ലഭിക്കുക. എന്നാൽ ഷാർജ പോലുള്ള എമിറേറ്റുകളിൽ വെള്ളിയാഴ്ചയും അവധി ആയതിനാൽ ഇവർക്ക് അഞ്ചുദിവസത്തെ അവധി ലഭിക്കും. നാലുദിവസത്തെ അവധിക്ക് ശേഷം ഡിസംബർ മൂന്നിനായിരിക്കും ഓഫിസുകൾ പ്രവർത്തിക്കുക. ദേശീയ ദിനത്തോടനുബന്ധിച്ച് അതിവിപുലമായ ആഘോഷങ്ങളും പരിപാടികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.


