ദുബായ്: അന്താരാഷ്ട്ര വാണിജ്യ വിപണിയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ യുഎഇ ദിർഹം ഉൾപ്പെടെ ഗൾഫ് കറൻസികളിൽ വിനിമയ നിരക്കുകൾ ശക്തമായി വർധിച്ചു. ബുധനാഴ്‌ച വൈകിട്ട് വരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ഒരു ദിർഹത്തിനുള്ള രൂപ നിരക്ക് ₹23.89 ആയി രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി ഇത് ₹23.56 ആയിരുന്നെങ്കിലും ബുധനാഴ്ച രാവിലെയോടെ വീണ്ടും ₹23.89 ആയി ഉയർന്നു. ബുധനാഴ്‌ച രൂപയുടെ മൂല്യം 24 പൈസ ഇടിഞ്ഞ് 87.15ൽ എത്തിയത്, മാർച്ചിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ദുർബലമായ നിലയായിരുന്നു. എന്നാൽ ഗൾഫ് പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ഇത് നേട്ടമായി മാറി.
യു.എ.ഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എൻ.ബി.ഡി-യിലെ വിനിമയ നിരക്കുകളും ഇതേ നിലയിലായിരുന്നു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന വിനിമയ നിരക്കാണിതെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. ഇന്ത്യൻ കയറ്റുമതിയിൽ യു.എസ്. ഡോളറിന്റെ താങ്ങിയ നിലയും ഉയർന്ന പലിശനിരക്കിന്റെ സാധ്യതയും രൂപയുടെ ദുർബലതയ്ക്ക് കാരണം ആയി. കൂടാതെ, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ചില പ്രസ്താവനകളും അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലകളിലെ ഉയർച്ചയും വിപണിയിൽ ആശങ്കയുണ്ടാക്കി.
എന്നാൽ കുവൈത്ത്, യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെ കറൻസികൾക്കും ബുധനാഴ്‌ച ഉയർന്ന വിനിമയ നിരക്കുകൾ രേഖപ്പെടുത്തി. ഈ അവസരം പ്രയോജനപ്പെടുത്തി നിരവധി പ്രവാസികൾ ബാങ്കിങ് ആപ്പുകളും എക്‌സ്‌ചേഞ്ച് സംവിധാനങ്ങളും വഴി രാജ്യത്തേക്ക് പണം അയക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എക്‌സ്‌ചേഞ്ച് നിരക്കുകൾക്ക് കുറച്ച് താഴെയായിരുന്നെങ്കിലും, എപ്ലിക്കേഷനുകളിലൂടെയുള്ള നിരക്കുകൾ കൂടുതൽ ലാഭകരമായിരുന്നു.