News Kerala/India

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്‌ലിൻ ദാസ് ഈ മാസം 27വരെ റിമാൻഡിൽ

Written by themediatoc

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്‌ത് വഞ്ചിയൂർ കോടതി. ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്. അതേസമയം, ബെയ്‌ലിൻ ദാസ് സമർപ്പിച്ച ജാമ്യഹർജി വിശദമായ വാദം കേട്ടശേഷം വിധി പറയാനായി മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ ബെയ്‌ലിൻ ദാസിന്റെ ജാമ്യ ഹർജിയെ ശക്തമായി എതിർത്തു. തൊഴിലിടത്ത് യുവ അഭിഭാഷകയെ മർദിച്ചത് ഗൗരവകരമായ കുറ്റമാണ്. തൊഴിലിടത്തെ സ്‌ത്രീ സുരക്ഷ കേരളത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു സീനിയർ അഭിഭാഷകനിൽ നിന്നും ഇത്തരത്തിലൊരു സംഭവമുണ്ടായത്. സംരക്ഷിച്ച് പുതിയ പാഠങ്ങൾ പഠിപ്പിക്കേണ്ട ഒരു വ്യക്തിയിൽ നിന്നും ജൂനിയർ അഭിഭാഷകയ്‌ക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടാകുന്നത് ക്ഷമിക്കാവുന്ന കുറ്റമല്ല. ഈ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, കരുതിക്കൂട്ടി സ്‌ത്രീയെ അധിക്ഷേപിക്കാനോ കയ്യേറ്റം ചെയ്യാനോ ഉള്ള നീക്കമല്ല ഉണ്ടായതെന്നാണ് പ്രതിഭാഗം കോടതിയിൽ അറിയിച്ചത്.

ചൊവ്വാഴ്ചയാണ് ശ്യാമിലിയെ ബെയ്‌ലിൻ ക്രൂരമായി മർദ്ദിച്ചത്. സംഭവം വഷളായതോടെ ബെയ്‌ലിൻ ഒളിവിൽ പോകുകയായിരുന്നു. പ്രതിയെ പിടികൂടാനായി പൊലീസ് വലിയ സമ്മർദ്ദത്തിലായിരുന്നു. ബെയ്‌ലിന്‍ ദാസിന്റെ ഭാര്യയോട് ഇന്നലെ സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകന്റെ ബന്ധുക്കളുടെ മൊബൈല്‍ ഫോണുകളും പരിശോധിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഒളിവിലായിരുന്നു ബെയ്‌ലിനെ പൊലീസ് സാഹസികമായി പിടികൂടിയത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്.

About the author

themediatoc

Leave a Comment