ദുബൈ: ഗൾഫ് രാജ്യങ്ങൾക്കിടയിലെ വിമാനയാത്ര നടപടികൾ സുഗമമാക്കാനും ഏകീകരിക്കുന്നതിനും വേണ്ടിയുള്ള ജി.സി.സി ‘സിംഗിൾ എൻട്രി പോയന്‍റ് ഫോർ എയർ ട്രാവൽ’ പദ്ധതിയുടെ ആദ്യഘട്ടം ചൊവ്വാഴ്ച ആരംഭിച്ചു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പദ്ധതിക്ക് തുടക്കം കുറിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അദ്ദേഹം യാത്ര ചെയ്തു. 2026 ൽ നവംബറിൽ കുവൈത്തിൽ നടന്ന ജി.സി.സി അംഗ രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ 42ാമത് യോഗത്തിലാണ് ഇത്തരമൊരു നടപടിക്ക് തീരുമാനമായതെന്ന് അൽ ബുദൈവീ അറിയിച്ചു.
ആദ്യഘട്ടമെന്നോണം ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും ലഭിക്കുന്ന സേവനം വഴി പുറപ്പെടുന്ന വിമാനത്താവളത്തിൽതന്നെ പ്രവേശന നടപടികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഒപ്പം എമിഗ്രേഷൻ, സെക്യൂരിറ്റി ഉൾപ്പെടെയുള്ള എല്ലാ പ്രധാന നടപടികളും നേരത്തേ പൂർത്തിയാക്കാൻ സാധിക്കും.
ഗൾഫ് എയർ, ഇത്തിഹാദ് എയർവേസ് എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന ബഹ്‌റൈൻ, യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കുമാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കിയിട്ടുള്ളത്. ബഹ്‌റൈൻ ഇന്‍റർനാഷനൽ എയർപോർട്ടിനും അബൂദബിയിലെ സായിദ് ഇന്‍റർനാഷനൽ എയർപോർട്ടിനും ഇടയിലാണ് ഈ സേവനം ഇപ്പോൾ ലഭിക്കുക.
ലക്ഷ്യസ്ഥാനത്ത് എത്തിയശേഷം വീണ്ടും പാസ്‌പോർട്ട് പരിശോധനക്കോ മറ്റു ചെക്കിങ്ങിനോ കാത്തുനിൽക്കേണ്ടിവരില്ല. കൂടാതെ ബയോമെട്രിക് വെരിഫിക്കേഷൻ, ഡിജിറ്റൽ ഡാറ്റാ ഷെയറിങ് എന്നിവയിലൂടെ സുരക്ഷയും കൃത്യതയും ഇത് ഉറപ്പാക്കുന്നുണ്ട്.


