The Media Toc

ഖത്തറിന്റെ ‘സമ്മാനം’ സ്വീകരിച്ചില്ലെങ്കിൽ മണ്ടത്തരമാകുമെന്ന് ട്രംപ്

Written by themediatoc

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് ഖത്തറില്‍ നിന്നും ആഡംബര ബോയിങ് വിമാനം സ്വീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തര്‍ നല്‍കുന്ന സമ്മാനമാണിതെന്നും അത് സ്വീകരിച്ചില്ലെങ്കില്‍ മണ്ടത്തരമാകുമെന്നും ട്രംപ് വൈറ്റ് ഹൗസില്‍ റിപ്പോര്‍ട്ടര്‍മാരോട് പ്രതികരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം യുഎസിന് ‘സമ്മാനിക്കുന്നതാണോ’ എന്നതിൽ വ്യക്തത വന്നില്ലെന്ന ഖത്തര്‍ വക്താവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വൈറ്റ് ഹൗസിനെ പ്രതിരോധിച്ചുള്ള ട്രംപിന്റെ പ്രതികരണം.
‘ഖത്തര്‍ അമേരിക്കന്‍ സര്‍ക്കാരിന് ജെറ്റ് സമ്മാനമായി നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ കൃത്യമല്ല. എയര്‍ഫോഴ്‌സ് വണിന് പകരം താല്‍ക്കാലിക ഉപയോഗത്തിനായി ഒരു വിമാനം കൈമാറുന്ന കാര്യം നിലവില്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയവും യുഎസ് പ്രതിരോധ വകുപ്പും പരിഗണിച്ചുവരികയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല’ എന്നായിരുന്നു ഖത്തര്‍ വക്താവിന്റെ പ്രതികരണം.

ഈ ആഴ്ച ട്രംപ് ഖത്തര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ബോയിങ് ജെറ്റ് കൈമാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഖത്തറിന്റെ ബോയിങ് വിമാനം ‘പറക്കും കൊട്ടാര’ത്തെ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്‍ ആയി ഉപയോഗിക്കാനാണ് ആലോചിക്കുന്നത് എന്നും വാർത്തകൾ പുറത്തു വന്നിരുന്നു.

About the author

themediatoc

Leave a Comment