റാസൽഖൈമ: യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ ഹെൽത്ത് ചാലഞ്ചുകളിലൊന്നായ റാക് ബിഗസ്റ്റ് വെയ്റ്റ് ലോസ് ചാലഞ്ച് 2025ൽ ദുബൈയിലെ 31കാരനായ ഇന്ത്യൻ സ്വദേശി അമൃത് രാജ് 45.7 കിലോഗ്രാം കുറച്ച് പുരുഷ വിഭാഗത്തിലെ ഓവറോൾ ചാമ്പ്യനായി. 13,800 ദിർഹമാണ് മംഗലാപുരം സ്വദേശിയായ ഇദ്ദേഹത്തിന് സമ്മാനം ലഭിച്ചത്.
25 കിലോ കുറച്ച് പാകിസ്താനിൽ നിന്നുള്ള 42കാരിയായ സ്പിൻ ഗദയ് മുഹമ്മദ് യാക്കൂബ് വനിതാ വിഭാഗത്തിലെ ചാമ്പ്യനായി. 7,500 ദിർഹമാണ് ഇവർക്ക് സമ്മാനം ലഭിച്ചത്. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയ സഹകരണത്തോടെ റാക് ഹോസ്പിറ്റൽ സംഘടിപ്പിച്ച മത്സരത്തിൽ ഈ വർഷം 24,289 പേർ പങ്കാളികളായി. മന്ത്രാലയത്തിലെ റാക് പ്രതിനിധി കാര്യാലയ മേധാവി ഖാലിദ് അബ്ദുല്ല മുഹമ്മദ് അൽ ഷിഹ്ഹി സമ്മാനങ്ങൾ നൽകി.ആരോഗ്യ ബോധത്തോടു കൂടിയുള്ള ആളുകളുടെ വൻ പങ്കാളിത്തം കൊണ്ട് ഇത്തവണത്തെ റാക് ബിഗസ്റ്റ് വെയ്റ്റ് ലോസ് ചാലഞ്ജ് കൂടുതൽ ശ്രദ്ധേയമായി. ഇതു വരെ നടന്നതിൽ വച്ചേറ്റവും വലിയ വിജയമായിരുന്നു ഇതെന്ന് സംഘാടകർ അവകാശപ്പെട്ടു. പങ്കെടുത്തവരിൽ 54% പുരുഷന്മാരും 46% സ്ത്രീകളുമായിരുന്നു. 80% പേരും അമിത ഭാരക്കാരായിരുന്നു.
ഈ ചാലഞ്ച് തന്റെ ജീവിതത്തിൽ വലിയൊരു തിരുമാനം നൽകിയെന്നും, രജിസ്റ്റർ ചെയ്ത തൊട്ടടുത്ത ദിവസം മുതൽ തന്നെ ശരീര ഭാരം കുറയ്ക്കാൻ ശ്രമം തുടങ്ങിയിരുന്നുവെന്നും അമൃത് രാജ് പറഞ്ഞു. 3 മാസത്തിനുള്ളിൽ 45 കിലോ കുറയ്ക്കാൻ കഴിഞ്ഞത് എന്റെ ആത്മവിശ്വാസം ഉയർത്തി. ആരോഗ്യം നിലനിർത്താൻ ഈ പരിപാടി ഏറെ പ്രചോദനമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യമൊക്കെ ഇതേക്കുറിച്ച് സംശയമുണ്ടായിരുന്നുവെന്നും, എന്നാൽ പിന്നീട് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായി ഇത് മാറിയെന്നും സ്പിൻ ഗദയ്യും പറഞ്ഞു. റമദാനിൽ ഒ.എം.ഡി.എ.ഡി ഡയറ്റ് സ്വീകരിച്ചതും, ഒരു ദിവസം പോലും മുടങ്ങാതെ നടത്തം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതും തന്നെ വിജയത്തിലേക്ക് നയിച്ചെന്നും അവർ വ്യക്തമാക്കി.
വെച്വൽ: പുരുഷൻ -ശശി രാജൻ വള്ളുവർ (ദുബൈ) – 13.4 കിലോ കുറവ്. വനിത: സൈറ ബാനു (ഷാർജ) –18 കിലോ കുറവ്. കോർപറേറ്റ് ട്രോഫി: സ്റ്റീവൻ റോക്ക്. സ്കൂൾ സ്റ്റാഫ് വിജയി: ഷാർജ അംബാസഡർ സ്കൂൾ എന്നിങ്ങനെ ഇവരായിരുന്നു മറ്റു വിഭാഗങ്ങളിലെ വിജയികൾ. റാസൽഖൈമ എമറേറ്റിൽ നിന്ന് 49% പേർ പങ്കെടുത്തു. ദുബൈ 31%), ഷാർജ (8%), അബൂദബി (7%) എന്നിങ്ങനെയാണ് മാറ്റു എമിറേറ്റുകളിൽ നിന്നുള്ള പങ്കാളിത്തം. ജീവിതം മാറ്റിയെടുത്ത ഈ ചാലഞ്ച് കൂടുതൽ ആളുകളെ ആരോഗ്യപരമായി ജീവിക്കാൻ പ്രചോദിപ്പിച്ചു. മികച്ച വിജയം നേടിയ എല്ലാവർക്കും സംഘാടകർ അഭിനന്ദനങ്ങളറിയിച്ചു.