ദുബായ്: എമിറേറ്റിലെ ജുഡീഷ്യറി സംവിധാനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ആധുനികീകരിക്കുന്നതിന്റെ ഭാഗമായി ദുബായ് ക്രിമിനൽ കോടതികൾ നിലവിലെ പ്രധാന കെട്ടിടത്തിൽനിന്ന് ലേബേഴ്സ് ആൻഡ് എക്സിക്യുട്ടിവ് കോടതി ആസ്ഥാനത്തേക്ക് മാറ്റാൻ തീരുമാനിച്ചു. ജുഡീഷ്യറി സംവിധാനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിലവാരവും അനുസരിച്ച് കോടതി സേവനങ്ങൾ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. പുതിയ കെട്ടിടം ഒക്ടോബർ ഒന്നിന് ഔദ്യോഗികമായി തുറക്കും. തുടർന്ന് എല്ലാ ക്രിമിനൽ കോടതികളും ഇതനുസരിച്ച് പ്രവർത്തനം പുനരാരംഭിക്കും. കോടതികളുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സാങ്കേതികമായ ക്രമീകരണങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. വിവിധ സേവനങ്ങൾ തടസ്സപ്പെടില്ലെന്ന് ഉറപ്പുവരുത്താൻ വിശദമായ പഠനം നടത്തിയ ശേഷമാണ് കോടതികളുടെ മാറ്റമെന്ന് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതികളുടെ പ്രസിഡന്റ് ജഡ്ജി ഖാലിദ് യഹ്യ അൽ ഹുസാനി വ്യക്തമാക്കി.

കോടതി നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും കേസ് ട്രാക്കിങ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം വിചാരണ നടപടികളും പരാതി നൽകുന്നവർക്കുള്ള സേവനങ്ങളും തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങങ്ങളോടെയാണ് പുതിയ അധൂനികരീതിയിലാണ് സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.