ദുബായ്: സ്മാർട്ട് ആപ്പുകൾ വഴി ബുക്ക് ചെയ്ത് ഉപയോഗിക്കുന്ന ടാക്സി നിരക്കുകൾ പുതുക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഉപഭോക്താക്കൾ നേരിട്ട് റോഡിൽനിന്ന് വിളിക്കുന്ന ടാക്സികൾക്ക് പുതിയ മാറ്റങ്ങൾ ബാധകമല്ല. പുതിയ ഘടനയനുസരിച്ച് ആപ് വഴി ബുക്ക് ചെയ്യുന്ന ടാക്സികളുടെ മിനിമം നിരക്ക് 13 ദിർഹമാക്കിയിട്ടുണ്ട്. നിലവിലിത് 12 ദിർഹമായിരുന്നു.എന്നാൽ വ്യത്യസ്ത ദിവസങ്ങളിൽ മാറിമാറിവരുന്ന, തിരക്കേറിയ സമയങ്ങളിലെ പ്രത്യേക നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ 9.59 വരെയും വൈകീട്ട് 4 മുതൽ 7.59 വരെയും 7.50 ദിർഹം ബുക്കിങ് നിരക്കും ഫ്ലാഗ്ഫാൾ നിരക്കായി 5 ദിർഹമും ഈടാക്കും. രാവിലെ 6 മുതൽ 7.59 വരെയും രാവിലെ 10 മുതൽ 3.59 വരെയും ബുക്കിങ് ഫീസ് 4 ദിർഹമും ഫ്ലാഗ്ഫാൾ നിരക്ക് 5 ദിർഹമുമായിരിക്കും. രാത്രി സമയ യാത്രാനിരക്കുകൾ രാത്രി 10 മുതൽ പുലർച്ച 5.59 വരെ ബാധകമായിരിക്കും. ഈ കാലയളവിൽ ബുക്കിങ് ഫീസ് 4.5 ദിർഹമും ഫ്ലാഗ്ഫാൾ നിരക്ക് 5.5 ദിർഹമുമായിരിക്കും.
വെള്ളിയാഴ്ചകളിൽ തിരക്കേറിയ സമയത്തെ നിരക്കുകൾ രാവിലെ 8 മുതൽ 9.59 വരെയും വൈകീട്ട് 4 മുതൽ രാത്രി 9.59 വരെയും ബാധകമായിരിക്കും. ഈ സമയത്ത് ബുക്കിങ് ഫീസ് 7.50 ദിർഹമും ഫ്ലാഗ്ഫാൾ നിരക്ക് 5 ദിർഹമുമായിരിക്കും. അതേസമയം, രാത്രി 10 മുതൽ രാത്രി 11.59 വരെ ബുക്കിങ് ഫീസ് 7.50 ദിർഹമും ഫ്ലാഗ്ഫാൾ സമയം 5.50 ദിർഹമുമായിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 4 മുതൽ രാത്രി 9.59 വരെയാണ് തിരക്കേറിയ സമയത്തെ നിരക്ക് ഈടാക്കുക. രാത്രി 10 മുതൽ രാത്രി 11.59 വരെ ബുക്കിങ് ഫീസ് 7.50 ദിർഹമും ഫ്ലാഗ്ഫാൾ സമയം 5.50 ദിർഹമുമായിരിക്കും. തിരക്കില്ലാത്ത സമയങ്ങളിൽ ബുക്കിങ് ഫീസ് 4 ദിർഹമും ഫ്ലാഗ്ഫാൾ നിരക്ക് 5 ദിർഹമുമായിരിക്കും.


