ദുബായ്: 33മത് അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാനായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബഹ്റൈനിലെത്തി. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും ഇദ്ദേഹത്തെ അനുഗമിച്ചു. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ രാഷ്ട്ര നേതാക്കളെ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം രാഷ്ട്ര നേതാക്കളെ മനാമയിലെ ചരിത്രപ്രധാനമായ അൽ സാഖിർ കൊട്ടാരത്തിലേക്ക് ആനയിച്ചു.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ദുബായ് വ്യോമയാന അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, മന്ത്രിസഭ കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖർഗാവി, സഹമന്ത്രി ഖലീഫ ബിൻ ഷഹീൻ അൽ മറാർ, ബഹ്റൈനിലെ യു.എ.ഇ അംബാസഡർ ഫഹദ് മുഹമ്മദ് സലിം ബിൻ കർദൂസ് അൽ അമീരി എന്നിവരും ശൈഖ് മുഹമ്മദിനൊപ്പം സന്നിഹിതരായിരുന്നു.