ദുബായ് – ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഫെഡറൽ നിയമം വ്യാഴാഴ്ച മുതൽ നിലവിൽ വരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഗാർഹിക തൊഴിലാളികളുടെ നിയമനം നിയന്ത്രിക്കുകയും ബന്ധപ്പെട്ട കക്ഷികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിർവചിക്കുകയും ചെയ്യുന്ന നിയമം അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ചുള്ളതാണ്. ഈ കഴിഞ്ഞ ഒക്ടോബറിലാണ് ഇത്തരം നിയമം സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപനം നടത്തിയിരുന്നത്. ഈ നിയമ വ്യവസ്ഥ അനുസരിച്ച് വീടുകളിൽ ജോലി ചെയ്യുന്നവർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷവും ഒപ്പം18 വയസ്സിൽ കുറഞ്ഞവരെ തൊഴിലിന് നിയമിക്കുന്നത് കർശനമായി തടയുന്നതും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
പുതിയ നിയമ വ്യവസ്ഥ പ്രകാരം വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിനും താൽക്കാലിക നിയമനത്തിനും മന്ത്രാലയത്തിന്റെ ലൈസൻസുണ്ടാകണം, ജോലിയുടെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ അറിയിക്കാതെ തൊഴിലാളിയെ തങ്ങളുടെ രാജ്യത്തുനിന്ന് റിക്രൂട്ട് ചെയ്യാൻ പാടില്ല. തൊഴിലാളിയുടെ ശാരീരികക്ഷമത, ആരോഗ്യസ്ഥിതി, മാനസികവും തൊഴിൽപരവുമായ ശേഷി എന്നിവ തെളിയിക്കുന്ന രേഖകൾ ലഭ്യമാക്കണം. മന്ത്രാലയം അംഗീകരിച്ച ഫോർമാറ്റിൽ തൊഴിൽ കരാർ ഔപചാരികമായി തയാറാക്കണം. റിക്രൂട്ട്മെന്റ് കാലയളവ്, അടിസ്ഥാന അവകാശങ്ങളും ബാധ്യതകളും തുടങ്ങിയ വിവരങ്ങൾ കരാറിലുണ്ടാകണം. തൊഴിലുടമയുടെ സാമ്പത്തിക ബാധ്യതകളും റിക്രൂട്ട്മെന്റ് എജൻസിക്ക് നൽകുന്ന ഫീസുമെല്ലാം കരാറിൽ വ്യക്തമാക്കണം. റിക്രൂട്ട്മെന്റ് ഏജൻസി കരാറിൽ വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരത്തിന് തൊഴിലുടമക്ക് അവകാശമുണ്ടായിരിക്കും. റിക്രൂട്ട്മെന്റ് ഏജൻസികൾ ഗാർഹിക തൊഴിലാളികളോട് മാനുഷികമായി പെരുമാറുകയും അക്രമത്തിന് വിധേയരാക്കാതിരിക്കുകയും വേണം. യു.എ.ഇ സമൂഹത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കാനും നിയമപ്രകാരം ഏജൻസികൾ ബാധ്യസ്ഥരാണ്.
തൊഴിലുടമ തൊഴിലാളിയോട് ശരിയായ രീതിയിൽ പെരുമാറുകയും അന്തസ്സ് കാത്തുസൂക്ഷിക്കുകയും കരാറിന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകുകയും വേണം. ഗാർഹിക തൊഴിലാളിക്ക് അവരുടെ വ്യക്തിഗത തിരിച്ചറിയൽ രേഖകൾ (പാസ്പോർട്ട് ഉൾപ്പെടെ) സ്വന്തമായി സൂക്ഷിക്കാനുള്ള അവകാശമുണ്ട്. തൊഴിലുടമയുടെ മാർഗനിർദേശമനുസരിച്ചും തൊഴിൽ കരാർ അനുസരിച്ചും തൊഴിലാളി ജോലി നിർവഹിക്കണം. ഗാർഹിക തൊഴിലാളി വാർഷിക അവധിക്കായി അവരുടെ രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, രണ്ട് വർഷത്തിലൊരിക്കൽ യാത്രാചെലവ് തൊഴിലുടമ വഹിക്കണം. തൊഴിലുടമയും വീട്ടുജോലിക്കാരും തമ്മിൽ തർക്കമുണ്ടാവുകയും അത് രമ്യമായി പരിഹരിക്കാൻ കഴിയാതെ വരുകയും ചെയ്താൽ, അത് മന്ത്രാലയത്തിലേക്ക് റഫർ ചെയ്യണം ഇവയാണ് നിയമം അനുശ്വാസികുന്ന വ്യവസ്ഥകൾ.