ദുബായ് – ദേശീയ ദിനം പ്രമാണിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ കുറ്റങ്ങൾക്ക് ജയിൽശിക്ഷ അനുഭവിച്ച മലയാളികളടക്കമുള്ള 1530 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ഒപ്പം മാപ്പ് നൽകിയ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തു.
എല്ലാ വർഷവും ആഘോഷ ദിനങ്ങളോടനുബന്ധിച്ച് യു.എ.ഇ ഭരണാധികാരികൾ തടവുകാരെ മോചിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ തടവുകാർക്ക് പുനരാലോചന നടത്താനും പുതിയ ജീവിതം നയിക്കാനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മോചനം അനുവദിക്കുന്നത്. നിരവധി പ്രവാസികളാണ് ഇതിന്‍റെ ഗുണഭോക്താക്കൾ. ചെറിയ കേസുകളിൽപെട്ട് തടവിലായി നാട്ടിൽ പോകാൻ കഴിയാത്തവർക്കും ആശ്വാസമാണ് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻന്റെ തീരുമാനം.
പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻന്റെപാത പിൻപറ്റി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയും തടവുകാരുടെ മോചനത്തിന് ഉത്തരവിറാക്കിയിട്ടുണ്ട്. ഷാർജ എമിറേറ്റിലെ 333, ഫുജൈറയിലെ 153 തടവുകാരെയാണ് ദേശീയ ദിനം പ്രമാണിച്ച് മോചിപ്പിക്കുന്നത്.