Business Gulf UAE

സുസ്ഥിരമാതൃകകൾ കാഴ്ചവെച്ച് ഷുറൂഖ് ലോക സഞ്ചാരമേളയിൽ

Written by themediatoc

ഷാർജ – ലോകത്തെ മുൻനിര വിനോദസഞ്ചാരപദ്ധതികൾ അവതരിപ്പിക്കുകയും ചർച്ചചെയ്യപ്പെടുകയുംചെയ്ത മേളയിൽ വികസനവും പ്രകൃതിസംരക്ഷണവും സമന്വയിപ്പിക്കുന്ന നൂതന സുസ്ഥിര വിനോദസഞ്ചാരമാതൃകകൾ അവതരിപ്പിച്ച് വേൾഡ് ട്രാവൽമാർട്ടിൽ താരമായി ഷാർജ നിക്ഷേപവികസനവകുപ്പ് (ഷുറൂഖ്).

ലോകത്തെ സാംസ്കാരികപാരമ്പര്യവും പ്രകൃതിവൈവിധ്യവും അടിസ്ഥാനമാക്കി ലോകോത്തരനിലവാരത്തിൽ ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം അതോറിറ്റിയുടെ നേതൃത്വം പ്രമേയമാക്കി ഷാർജയൊരുക്കിയ ഉത്തരവാദ ടൂറിസം പദ്ധതികൾക്ക് വൻസ്വീകാര്യതയാണ് മേളയിൽ ലഭിച്ചത്. നിലവിൽ പ്രവർത്തനസജ്ജമായ പദ്ധതികളോടൊപ്പം പുതിയ വിനോദസഞ്ചാരപദ്ധതികളും മേളയിൽവെച്ച് ഷുറൂഖ് പ്രഖ്യാപിച്ചു.

ആഗോള പൈതൃകത്തിന്റെയും, ആഡംബരസൗകര്യങ്ങളുടെയും, പ്രകൃതിവൈവിധ്യത്തിന്റെയും, വാസ്തുകലയുടെയുമെല്ലാം പേരിൽ പ്രവാസികളുടെയും വിദേശസഞ്ചാരികളുടെയുമെല്ലാം മനസ്സിൽ ഇടംപിടിച്ച ഷാർജ, വിനോദകേന്ദ്രങ്ങളിലെ കാഴ്ചകളോടൊപ്പം, ഷാർജ അവതരിപ്പിച്ച വ്യത്യസ്തമായ സുസ്ഥിരവികസന കാഴ്ചപ്പാടുകളും മേളയിലെ സന്ദർശകരുടെയും വിദഗ്ധരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ ഇടയാക്കിയിരുന്നു. എന്നാൽ ഇത്തരം വിനോദസഞ്ചാരമാതൃകകൾ ലോകത്തിന്റെ പലഭാഗങ്ങളിലും ആവർത്തിക്കാനുള്ള സാധ്യതകളും നവീനമായ ആശയങ്ങൾ പരസ്പരം കൈമാറാനുള്ള പദ്ധതികളും ഷുറൂഖ് പ്രതിനിധികളുടെ നേതൃത്വത്തിൽ ചർച്ചചെയ്യപ്പെട്ടു.

പ്രകൃതിസൗഹൃദമാതൃകകൾ പിൻപറ്റി, നിലകൊള്ളുന്നയിടത്തെ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും യാതൊരു കോട്ടവുംപറ്റാത്ത വിധത്തിൽ വിനോദസഞ്ചാരമേഖലയെ വളർത്തുന്ന ഷാർജയുടെ കാഴ്ചപ്പാടിന് വലിയസ്വീകാര്യതയാണ് മേളയിൽ ലഭിച്ചതെന്ന് ഷുറൂഖ് ആക്ടിങ് സി.ഇ.ഒ. ഹിസ് എക്സലൻസി അഹമ്മദ് ഒബൈദ് അൽ ഖസീർ പറഞ്ഞു. കൂടാതെ കഴിഞ്ഞകാലത്തെയും പാരമ്പര്യത്തെയും പരിസ്ഥിതികമൂല്യങ്ങളെയും ലോകോത്തോര നിലവാരത്തിലുള്ള സൗകര്യങ്ങളോട് സമ്മേളിപ്പിച്ച് ഷാർജയിലൊരുക്കിയ വിനോദകേന്ദ്രങ്ങൾ വരുംകാലത്തിനുള്ള മാതൃകണെന്നും, ഒപ്പം ഷാർജയിൽ വനിറങ്ങുന്ന സഞ്ചാരികളിലേക്കും ഈ സന്ദേശം പകരുംവിധത്തിലാണ് ഓരോകേന്ദ്രത്തിന്റെയും പ്രവർത്തനമെന്നും, വരാനിരിക്കുന്ന പദ്ധതികളും അതേദിശ പിൻപറ്റിതന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തികച്ചും നാടോടിജീവിതത്തോട് സമാനമായി പ്രകൃതിയോടിണങ്ങി ട്രെയിലറുകളിൽ രാപ്പാർക്കാനാവുന്നവിധത്തിൽ ഷാർജ ഹംരിയ ബീച്ചിലൊരുക്കിയ ‘നൊമാഡ്’ ട്രയിലർ സ്റ്റേ, ക്യാമ്പിങ് അനുഭവങ്ങളും ആഡംബര ആതിഥേയത്വവും ഒരുപോലെ സമ്മേളിക്കുന്ന ‘ഗ്ലാംപിങ്’ കേന്ദ്രം ‘മിസ്‌ക് മൂൺ റിട്രീറ്റ്’, അപൂർമായ പ്രകൃതിവൈവിധ്യത്തിന്റെ പശ്ചാത്തലത്തിൽ ലോകോത്തരനിലവാരത്തിലുള്ള വിനോദസഞ്ചാരാനുഭവങ്ങളൊരുക്കുന്ന ‘അൽ ബദായർ റിട്രീറ്റ്’, കൽബയിലെ കിങ് ഫിഷർ റിട്രീറ്റ്’, ‘അൽ ഫായ റിട്രീറ്റ്’ എന്നീ പദ്ധതികൾ പവിലിയന്റെ ഭാഗമായിരുന്നു.

യു.എ.ഇ.യിലെ തന്നെ ഏറ്റവുംമികച്ച ലൈബ്രറികളിലൊന്നും വിജ്ഞാനകേന്ദ്രവുമായ ‘ഹൗസ് ഓഫ് വിസ്ഡവും’ ഷാർജ പവിലിയനിൽ കാഴ്ചകാരുടെ ശ്രദ്ധയാകർഷിച്ചു. ഒപ്പം ഷാർജയിൽ പുതുതായി ഒരുക്കിയ അൽ ഹിറ ബീച്ച്, ചരിത്രകാഴ്ചകളുടെയും മരുഭൂ അനുഭവങ്ങളുടെയും സമ്മേളനമായ മെലീഹ ആർക്കിയോളജി കേന്ദ്രം, നഗരത്തിലെ പച്ചത്തുരുത്തായ അൽ നൂർ ദ്വീപ്, അൽ മുൻതസ പാർക്ക്, ഖോർഫക്കാൻ ബീച്ച് തുടങ്ങി നിലവിൽ സജീവമായ എല്ലാ വിനോദകേന്ദ്രങ്ങളുടെ നേർകാഴ്ചകളും ഷാർജ പവിലിയനിൽ ഒരുക്കിയിരുന്നു.

പൈതൃകം സംരക്ഷിക്കുന്നതിലും അത് പുതിയകാലത്തെ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുതന്നെ വികസിപ്പിക്കുന്ന ഖോർഫക്കാൻ മലനിരകളിൽ കടൽക്കാഴ്ചകളിലേക്ക് കണ്ണുംനട്ടിരിക്കുന്ന പുരാതനമായ ‘നജ്ദ് അൽ മഖ്‌സാർ’ ഗ്രാമവും മറ്റൊരു ആതിഥേയകേന്ദ്രമായി മാറ്റുമെന്ന് മേളയിൽ ഷുറൂഖ് പ്രഖ്യാപിച്ചു. നൂറിലധികംവർഷം പഴക്കമുള്ള ഇവിടത്തെ വീടുകൾ അതേതനിമയോടെ 13 ആഡംബരകോട്ടജുകളാക്കി മാറ്റും. മിസ്ക് ഗ്രൂപ്പിനായിരിക്കും പദ്ധതികളുടെ നടത്തിപ്പുചുമതല.

About the author

themediatoc

Leave a Comment