Breaking News Entertainment Gulf UAE

നാടൻ കലകളുടെ തനത് ആവിഷ്കാരം “ഭീമ ശ്രീരാഗ് കലോത്സവം 2023” പെയ്തിറങ്ങാൻ ദിനരാത്രങ്ങൾ മാത്രം

Written by themediatoc

ദുബായ് – UAE യിൽ വളർന്നു വരുന്ന, കലാകാരന്മാർക്കും കലാകാരികൾക്കും, നല്ല വേദികൾ ഒരുക്കിക്കൊടുക്കുക എന്ന സദുദ്ദേശത്തോടേയും, ഒപ്പം വിവിധയിനം കലാ വിഭാഗങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയും തുടങ്ങിയ, ശ്രീരാഗ് ഫ്രെയിംസ് എന്ന കലാ സാംസ്‌കാരിക സംഘടന, ഈ വരുന്ന മാർച്ച്‌ 19 ന്, ദുബായിലെ എത്തിസലാത്ത് അക്കാദമിയിൽ വെച്ച്, നാടൻ കലകൾക്ക് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ട്, ജന സഹസ്രങ്ങളെ പങ്കെടുപ്പിച്ച്, ശ്രീരാഗ് കലോത്സവം 2023 സമുചിതമായി ആഘോഷിക്കാനൊരുങ്ങുന്നു.

മാർച്ച്‌ 19 ന് രാവിലെ 8 മണി മുതൽ, രാത്രി 11 മണി വരെ നീണ്ടു നിൽക്കുന്ന, വിവിധയിനം നാടൻ കലകളുടെ സംഗമവും, 14 ജില്ലകളിലേയും ഇഷ്ട ഭക്ഷണ സമൃദ്ധിയുമായി, ഒരു പകലിരവ് ആർത്തുല്ലസിക്കുവാനുള്ള, ഗംഭീര വിരുന്നാണ്, ശ്രീരാഗ് കലോത്സവം 2023 ലൂടെ നടത്തപ്പെടുന്നതെന്ന്, ശ്രീരാഗ് ഫ്രെയിംസിന്റെ സ്ഥാപകനും പ്രസിഡണ്ടുമായ ശ്രീ. അജിത്കുമാർ തോപ്പിൽ അറിയിച്ചു.

ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന്റെ, ഇലഞ്ഞിത്തറ മേളം പ്രമാണിയായ, മേള കുലപതി ശ്രീ. കിഴക്കൂട്ട് അനിയൻ മാരാരുടേയും, മേള കലാരത്നം ശ്രീ. കലാമണ്ഡലം ശിവദാസിന്റേയും നേതൃത്വത്തിൽ, UAE യിലെ പ്രശസ്തരായ 75 വാദ്യകലാകാരൻമാർ അണിനിരക്കുന്ന, മേളക്കൊഴുപ്പിന്റെ താളലയങ്ങൾ പെരുകിയിരമ്പുന്ന പാണ്ടിമേളവും, ഹാസ്യത്തിന്റെ പുതിയ മുഖവുമായി, അനുകരണ കലയിലെ യുവത്വം, ശ്രീ. മഹേഷ്‌ കുഞ്ഞുമോനും സംഘവും അവതരിപ്പിക്കുന്ന മിമിക്രിയും കലോത്സവത്തിന് മാറ്റ് കൂട്ടുന്നു. ഒപ്പം പള്ളിപ്പറമ്പുകളെ പ്രകമ്പനം കൊള്ളിക്കുന്ന, കൊട്ടിക്കയറലുകളുമായി, കൈരളി ബാൻഡ് ചാലക്കുടിയും, രാഗദീപം മുണ്ടത്തിക്കോട് വത്സനും ഒരുമിക്കുന്ന ബാൻഡ് സെറ്റ്. കൂറ്റനാട് തട്ടകം നാടൻ കലാ സമിതിയുടെ തിറയാട്ടം, കക്കാട്ട് യക്ഷഗാന കലാ കേന്ദ്രം അവതരിപ്പിക്കുന്ന യക്ഷഗാനം, തുടർന്ന്, പഞ്ചരത്നകീർത്തനാലാപനശേഷം മെഗാ തിരുവാതിരയും, ഒപ്പനയും, മാർഗ്ഗം കളിയും മിഴിനിറക്കുന്നു. പുള്ളുവൻ പാട്ട്, കളരിപ്പയറ്റ്, തെയ്യം തിറ, കരിങ്കാളിയാട്ടം, പരുന്താട്ടം, കുമ്മാട്ടിക്കളി, അലാമിക്കളി, ദഫ് മുട്ട്, കരകാട്ടം, കൈമുട്ടിക്കളി, പൂരക്കളി, കൊരമ്പ് നൃത്തം, മയൂര നൃത്തം, വഞ്ചിപ്പാട്ട്, കേരളീയ ശാസ്ത്രീയ കലകളുടെ നൃത്താവിഷ്കാരം, സിനിമാറ്റിക് ഡാൻസ്, അർദ്ധ ശാസ്ത്രീയ നൃത്തങ്ങൾ എന്നിങ്ങനെ വേറിട്ട മുപ്പതോളം നാടൻ കലാരൂപങ്ങളും, അനുഷ്ഠാന കലകളും കലാസ്വാദകർക്കായി ശ്രീരാഗ് ഫ്രെയിംസ് ഒരുക്കുന്നതെന്ന് പ്രോഗ്രാം കോർഡിനേറ്റർ കൂടിയായ ശ്രീ. ഷനിൽ പള്ളിയിൽ അറിയിച്ചു.

കലോത്സവം ജനകീയമാക്കുന്നതിന്റെ ഭാഗമായി, 25 ദിറംസാണ് എൻട്രി ടിക്കറ്റെന്നും, ഭീമ ജ്വല്ലറിയുടെ UAE യിലെ എല്ലാ ഷോറൂമുകളിലും, സിയാനാ ട്രാവൽസിന്റെ അജ്മാൻ ഓഫീസുകളിലും, MED7 ഫാർമസികളിലും ടിക്കറ്റുകൾ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ദുബായ് കാലിക്കറ്റ് ഹൗസ് റെസ്റ്റോറന്റിൽ വെച്ച് നടത്തിയ പത്ര സമ്മേളനത്തിൽ, ശ്രീരാഗ് ഫ്രെയിംസിന്റെ സ്ഥാപകനും പ്രസിഡന്റ് ശ്രീ. അജിത്കുമാർ തോപ്പിലും, ശ്രീരാഗ് ഫ്രെയിംസിന്റെ രക്ഷാധികാരി ശ്രീ. നാഗരാജ് റാവു, സെക്രട്ടറി ശ്രീ. രോഷൻ വെണ്ണിക്കലും, ഖജാൻജി ശ്രീമതി. അർച്ചന ബിനീഷും, ആർട്ട് സെക്രട്ടറി കലാമണ്ഡലം ലക്ഷ്മിപ്രിയ, മീഡിയ കോർഡിനേറ്റർ ദീപിക സുജിത്, PRO ശ്രീ. രവി നായർ എന്നിവർ പങ്കെടുത്തു.

About the author

themediatoc

Leave a Comment