Featured Gulf UAE

ഷാര്‍ജ പുസ്തകോത്സവത്തിന് ഉത്സവഛായ പകര്‍ന്ന് കിംങ് ഖാൻ

Written by themediatoc

ഷാര്‍ജ – ദീപ്തവും സുന്ദരവുമായ ജീവിത വിജയത്തിന് ഹൃദയത്തില്‍ സത്യസന്ധതയും പെരുമാറ്റത്തില്‍ സൗമ്യവും കാത്തുസൂക്ഷിക്കണമെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പറഞ്ഞു. ഈ രണ്ട് ഗുണങ്ങളും ഹൃദയത്തില്‍ സൂക്ഷിക്കാനും ജീവിതത്തില്‍ പകര്‍ത്താനും കഴിഞ്ഞാല്‍ വിജയകരമായ ജീവിതം തേടി എവിടെയും പോവേണ്ടതില്ല. പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഷാരുഖ് ഖാന്‍ പറഞ്ഞു. 41മത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലോകതാരം.

ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമ ആന്റ് കള്‍ച്ചറല്‍ അവാര്‍ഡ് നല്‍കി ഷാര്‍ജ ബുക്ക് അതോറിറ്റി ഷാരൂഖ് ഖാനെ ആദരിച്ചു. ആസിഡ് ആക്രമണത്തെ അതിജീവിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി അവാര്‍ഡ് സമര്‍പ്പിക്കുന്നതായി ഷാരുഖ് ഖാന്‍ പറഞ്ഞു.

ജീവിതത്തില്‍ മോശപ്പെട്ട അവസ്ഥയും സഹജീവിയെ വഞ്ചിക്കാനുള്ള തോന്നലുകളും ഉണ്ടാവും. അത്തരം ഘട്ടങ്ങളില്‍ ശുദ്ധമായ ഹൃദയത്തോടെ നേരിടാന്‍ കഴിയണം. ഈ പരിശുദ്ധിയെ ഉയര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാന്‍ ദൈവം അനുഗ്രഹിക്കും. ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കഴിയും.

അക്ഷരാര്‍ത്ഥത്തില്‍ ഷാര്‍ജയെ ഇളക്കിമറിച്ചാണ് ഷാരൂഖ് ഖാന്‍ എന്ന ലോകതാരം പുസ്തകോത്സവത്തില്‍ എത്തിയത്. വെള്ളിയാഴ്ച രാവിലെ തന്നെ ആരാധകര്‍ ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ ലക്ഷ്യമാക്കി നീങ്ങിയിരുന്നു. ഉച്ചയോടെ പുസ്തകോത്സവ വേദിയും പരിസരവും ആരാധകരെ കൊണ്ട് നിറഞ്ഞു. പുസ്തകോത്സവത്തിലെ ബാള്‍റൂമില്‍ കയറിപ്പറ്റാന്‍ തിക്കുംതിരക്കുമായിരുന്നു. താരത്തിന്റെ വരവ് പ്രമാണിച്ച് ഷാര്‍ജ ബുക്ക് അതോറിറ്റി മികച്ച സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു. ബാള്‍റൂമിലേക്ക് താരം പ്രവേശിച്ചതോടെ ആളുകള്‍ ആവേശത്തോടെ കസേരകളില്‍ എഴുന്നേറ്റ് നിന്ന് വരവേറ്റു. ആരാധകരുടെ ആവേശം കണ്ട താരം അവര്‍ക്ക് അഭിവാദ്യം ചെയ്യുകയും താഴ്മയോടെ സംസാരിക്കുകയും ചെയ്തു. താരജാഡകളില്ലാതെ പ്രേക്ഷക മനസ്സുകളിലേക്ക് ഇറങ്ങിച്ചെന്നാണ് സംസാരിച്ചത്.

എന്റെ സിനിമകളില്‍ നിങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് എന്റെ ആവേശം-അദ്ദേഹം പറഞ്ഞു. എന്റെ ഉറക്കത്തിലും ഉണര്‍വിലും ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നു. ഈ 57മതെ വയസ്സില്‍ സിനിമയില്‍ സജീവമായി നില്‍ക്കാനും 18 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആവേശം നല്‍കുന്നതും പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹത്തിന്റെ കരുത്തില്‍ നിന്നാണ് ഷാരൂഖ് ഖാന്‍ കൂട്ടിച്ചേർത്തു.

തന്റെ പഴയകാല പ്രതബ സിനിമകളിലെ ‘ബാസിഗര്‍’, ‘ഓം ശാന്തി ഓം’, ‘ഡോണ്‍’, ‘തുടങ്ങിയ സിനിമകളിലെ സൂപ്പര്‍ഹിറ്റ് ഡയലോഗുകള്‍ സ്‌റ്റേജില്‍ അവതരിപ്പിച്ച് പ്രേക്ഷകരെ ആവേശത്തിലാക്കി.

നിങ്ങള്‍ നല്‍കുന്ന ഈ സ്‌നേഹത്തിന് ഞാന്‍ നന്ദിയുള്ളവനാണ് ആര്‍ത്തുവിളിയുമായി സ്വീകരിച്ച ആരാധകരെ നോക്കി ഷാരൂഖ് ഖാന്‍ പറഞ്ഞു. ഇതൊരു പുസ്തക മേളയായതിനാല്‍ ഞാന്‍ മിതത്വം പാലിക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുമായിരുന്നു ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. കലയും സംസ്‌കാരവും മാനവികതയെ ഉയര്‍ത്തുന്നു. നമ്മള്‍ ആരാണെന്ന് തിരിച്ചറിയുന്നത് ഇത്തരം അറിവിലൂടെയാണ്. പുസ്തകങ്ങളും കലയും സംസ്‌കാരവും മനുഷ്യനെ ഉദാത്തനാക്കുന്നു. ഇമാറാത്തിന്റെ വൈവിധ്യത്തെയും സംസ്‌കാരത്തെയും ഇഷ്ടപ്പെടുന്നു. സ്വന്തം സംസ്‌കാരം അടിച്ചേല്‍പിക്കാതെ വ്യത്യസ്ഥതകളെ സ്വീകരിക്കുന്നു. ഒപ്പം യുഎഇയിലെ വൃത്തിയുള്ളതും വലിപ്പമേറിയതുമായ റോഡുകളെ ഇഷ്ടപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയും ഷാരൂഖ് ഖാനൊപ്പം വേദിയിലെത്തി. സിനിമാ മേഖലയില്‍ സൗണ്ട് എഞ്ചിനീയറിംഗ് രംഗത്ത് മികച്ച സംഭാവനകള്‍ അര്‍പ്പിച്ച റസൂല്‍ പൂക്കുട്ടിക്ക് ഷാര്‍ജ ബുക്ക് അതോറിറ്റി അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

About the author

themediatoc

Leave a Comment