മനാമ – നിയമവിരുദ്ധ വിദേശതൊഴിലാളികളുടെ സാന്നിധ്യം തുടച്ചുനീക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡന്റ്സ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ വ്യക്തമാക്കി. നിയമം ലംഘിച്ച് തൊഴിലെടുക്കുന്നവരുടെ സാന്നിധ്യം രാജ്യത്തെ സാമ്പത്തിക, സാമൂഹിക അവസ്ഥകളെ സ്വാധീനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പം സാമൂഹിക പങ്കാളിത്തത്തോടെ ഇത്തരമൊരു അവസ്ഥ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് കാപിറ്റൽ ഗവർണറേറ്റിന് കീഴിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു പരിശോധനകൾ ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാപിറ്റൽ ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫയെ സ്വീകരിച്ച് സംസാരിക്കുന്ന വേദിയിലാണദ്ദേഹം വ്യക്തമാക്കിയത്.
കൂടിക്കാഴ്ചയിൽ കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ ഇബ്രാഹിം സൈഫ് അന്നജ്റാൻ, ആഭ്യന്തര മന്ത്രാലയത്തിലെ പോർട്സ് സെർച്ച് ആൻഡ് ഫോളോ അപ് കാര്യ അണ്ടർ സെക്രട്ടറി ബ്രിഗേഡിയർ അബ്ദുൽ അസീസ് അബ്ദുറഹ്മാൻ അദ്ദൂസരി എന്നിവരും സന്നിഹിതരായിരുന്നു. വിവിധ ഗവർണറേറ്റുകളുമായി സഹകരിച്ച് നിയമവിരുദ്ധ കുടിയേറ്റ തൊഴിലാളി സാന്നിധ്യം ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.