Gulf Qatar

ലോകകപ്പ്; ഖത്തർ റെയിൽ സൈബർ സുരക്ഷ ഓപറേഷൻ കേന്ദ്രം വിലയിരുത്തി അധികൃതർ.

Written by themediatoc

ദോഹ – ലോകകപ്പിനെത്തുന്ന ലക്ഷോഭലക്ഷം ആരാധകരുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ഖത്തർ റെയിൽ സൈബർ സുരക്ഷ ഓപറേഷൻ കേന്ദ്രം സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ്​ ബിൻ തുർക്കി അൽ സുബൈയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും സുരക്ഷ ഓപറേഷൻ കേന്ദ്രം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

നൂതന സംവിധാനത്തോടുകൂടിയ സൈബർ സുരക്ഷ ഓപറേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും പ്രധാന ചുമതലകളും സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥർ വിശദീകരണം നൽകുകയും, സൈബർ ആക്രമണവുമായി ബന്ധപ്പെട്ട ടെസ്റ്റ് കേസ് പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു. സൈബർ ആക്രമണമുണ്ടാകുന്ന സാഹചര്യത്തിൽ അതിനെ നേരിടാനുള്ള കേന്ദ്രത്തിന്റെ തയാറെടുപ്പുകളും കൃത്യസമയത്ത് പ്രവർത്തനം സാധാരണ നിലയിലേക്കെത്തിക്കുന്നതും ടെസ്റ്റ് കേസ്​ പ്രസന്റേഷനിലുൾപ്പെടുത്തിയിരുന്നു.

രാജ്യത്തെ സാങ്കേതികവിദ്യ സേവനങ്ങളിലെ മുൻനിര സ്ഥാപനമായ മഅലൂമാതിയ്യയുമായി സഹകരിച്ചാണ് സൈബർ സുരക്ഷ ഓപറേഷൻ കേന്ദ്രം ഖത്തർ റെയിൽ സ്ഥാപിച്ചത്. സൈബർ ആക്രമണങ്ങളെ നിരീക്ഷിക്കുകയും സാധ്യമാകുന്ന രീതിയിൽ സൈബർ ആക്രമണ ഭീഷണികളെ നേരിടുകയും ചെയ്യുന്നതിനായുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് കേന്ദ്രത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ഓപറേഷൻ കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ചവരെ സന്ദർശനത്തോടനുബന്ധിച്ച് ഡോ. അൽ സുബൈഈ പ്രശംസിക്കുകയും ചെയ്തു. ഖത്തർ റെയിൽ, മഅലൂമാതിയ്യ സ്ഥാപനങ്ങളിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും അനുഗമിച്ചിരുന്നു.

ഖത്തർ റെയിലിന്റെ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലയിലെ നിർണായക നാഴികക്കല്ലുകളിലൊന്നാണ് സൈബർ സുരക്ഷ ഓപറേഷൻ കേന്ദ്രം സ്ഥാപിച്ചതെന്ന് ഖത്തർ റെയിൽ ഐ.ടി മേധാവി ഐഷ അൽ റുമൈഹി പറഞ്ഞു. ദേശീയ സൈബർ സുരക്ഷ ഏജൻസിയുടെ (എൻ.സി.എസ്​.എ) പ്രധാന ആവശ്യങ്ങളിലൊന്നാണ് സൈബർ സെക്യൂരിറ്റി ഓപറേഷൻ കേന്ദ്രമെന്നും ലോകകപ്പിന് മുമ്പായി സൈബർ സുരക്ഷ മേഖലയിലെ തങ്ങളുടെ തയാറെടുപ്പുകളിൽ കേന്ദ്രം വലിയ പങ്കുവഹിക്കുന്നുവെന്നും ഐഷ അൽ റുമൈഹി കൂട്ടിച്ചേർത്തു.ലോകകപ്പ് പോലെയുള്ള വലിയ ചാമ്പ്യൻഷിപ്പുകളിൽ സൈബർ ആക്രമണങ്ങളുടെ അപകടങ്ങൾ വലുതാണെന്നും സൈബർ സുരക്ഷ ഭീഷണികൾ നിരീക്ഷിക്കുന്നതിനായി ഓപറേഷൻകേന്ദ്രത്തിൽ അത്യാധുനിക സാങ്കേതികവിദ്യകളാണ് വിന്യസിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.

About the author

themediatoc

Leave a Comment