ദുബായ് – ലോക വനിതാ ദിനത്തിൽ മിടുമിടുക്കികളായ മക്കളുടെ പേരിൽ, അഭിമാനത്താൽ തലയുയർത്തി സ്‌കോളർഷിപ്പ് സ്വീകരിക്കാൻ 25 പ്രവാസികൾ ദുബായിലെത്തി. യു.എ.ഇ യിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഏറ്റവും അർഹരായ പ്രവാസികളുടെ, നാട്ടിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് വിതരണം ചെയ്തത്. യു.എ.ഇ യിലെ പ്രമുഖ വനിത സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിൽ ആരംഭിച്ച പെൺകുട്ടികൾക്ക് വേണ്ടിയുള്ള ‘അൽമിറ’ സ്‌കോളർഷിപ്പ് കഴിഞ്ഞ ജനുവരി മാസത്തിലാണ് അനൗൺസ് ചെയ്തത്. ഇത്തവണ നാട്ടിൽ ഹയർ സെക്കണ്ടറി പൊതു പരീക്ഷ എഴുതുന്ന 25 പെൺകുട്ടികൾക്കാണ് ഒരു ലക്ഷം രൂപ വീതമുള്ള സ്‌കോളർഷിപ്പ് ലഭിച്ചത്.
ആയിരത്തോളം അപേക്ഷകരിൽ നിന്നും പെൺകുട്ടികൾക്ക് പ്ലസ് വണ്ണിൽ ലഭിച്ച മാർക്കിന്റെയും, യുഎയിൽ ജോലി ചെയ്യുന്ന രക്ഷിതാവിന്റെ സാമ്പത്തിക സാഹചര്യവുവും പരിഗണിച്ചാണ് 25 പെൺകുട്ടികളെ തിരഞ്ഞെടുത്തത്. “എന്റെ മകൾ നന്നായി പഠിക്കും, അവൾ പഠിച്ച് നല്ലൊരു ജോലി നേടിയാൽ എന്റെ ബുദ്ധിമുട്ടുകൾ എല്ലാം അവസാനിക്കും” കഴിഞ്ഞ 43 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇപ്പോൾ അബുദാബിയിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്ന ഖാലിദിന്റെ വാക്കുകളിലാണിത്.
![](https://www.themediatoc.com/wp-content/uploads/2023/03/AWARD-23-1024x539.jpg)
“എന്റെ പ്രതീക്ഷ എന്റെ മകളിലാണ് , അവളുടെ വിദ്യാഭ്യാസത്തിന് വേണ്ടി എത്ര കാലം കഷ്ട്ടപെടാനും ഞാൻ തയ്യാറാണ്” ഷാർജയിലെ ഒരു ക്ളീനിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന ജിജി പറഞ്ഞത്. “ജീവിത സാഹചര്യംകൊണ്ട് പണ്ട് എനിക്ക് പഠിക്കാൻ സാധിച്ചില്ല, മകൾ പഠിച്ചു ഒരു ഡോക്റ്ററായി കാണണം എന്നാണ് എന്റെ ആഗ്രഹം” എന്നാണ് ഷാർജയിൽ ഒരു ആയുർവേദിക് സെന്ററിൽ ജോലിചെയ്യുന്ന ഉണ്ണികൃഷ്ണൻ പറയുന്നത്.
സ്‌കോളർഷിപ്പ് സ്വീകരിക്കാൻ എത്തിയ ഓരോ രക്ഷിതാവിനും മകളെ കുറിച്ച് സ്വപ്നങ്ങളുണ്ട്. അതുകൊണ്ടാണ് പെൺകുട്ടികളുടെ പുരോഗമനം വിദ്യാഭ്യാസത്തിലൂടെ എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട്, ഞങ്ങളുടെ മകളുടെ പേരിലുള്ള ‘അൽമിറ’ സ്‌കോളർഷിപ്പ് ഈ വനിതാ ദിനത്തിൽ വിതരണം ചെയ്തത് എന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ് എംഡി ഹസീന നിഷാദ് പറഞ്ഞു. പെൺകുട്ടികളെ എത്രയും പെട്ടന്ന് കല്യാണം കഴിപ്പിച്ച് പറഞ്ഞയക്കുക എന്ന ചിന്തയിൽനിന്നും ഭൂരിഭാഗം പ്രവാസികളും മാറിയെന്നതിന്റെ ഏറ്റവും മികച്ച തെളിവായിരുന്നു ഞങ്ങൾ ഈ സ്‌കോളർഷിപ്പ് അനൗൺസ് ചെയ്തപ്പോൾ ലഭിച്ച പ്രതികരണമെന്ന് കമ്പനി ചെയർമാൻ നിഷാദ് ഹുസ്സൈൻ പറഞ്ഞു. ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിലാണ് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തത്.