ദുബായ് – നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയതക്കെതിരെ ഉറക്കെ പറഞ്ഞ് സോഹന്‍ സീനു ലാല്‍ സംവിധാനം ചെയ്ത ‘ഭാരത സര്‍ക്കസ്’ ഇന്ത്യയിലും യുഎഇയിലും വെള്ളിയാഴ്ച റിലീസായി. മലയാളിയുടെ ജീവിതത്തിൽ ജാതിയുടെ സാന്നിധ്യം ഇപ്പോഴും ശക്തമാണെന്നും ‘ഭാരത സർക്കസ്’ എന്ന പുതിയ സിനിമയിലൂടെ ഈ പ്രശ്നം ശക്തമായി ഉന്നയിക്കാനാണ് ശ്രമിചിരിക്കുന്നത്. എന്നാൽ ഇതിനകം സിനിമക്ക് വന്‍ പ്രതികരണമാണുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാം പ്രബുദ്ധമെന്ന് കരുതുന്ന കേരളത്തിലും, ഇന്ത്യയിലും ഇന്നും ജാതീയത നിലനില്‍ക്കുന്നുണ്ട്. പുതുതലമുറക്ക് ഇതൊന്നുമറിയില്ലെന്നാണ് പലരും പറയുന്നത്. എന്നാൽ, പ്രത്യേകിച്ച് ജാതി മലയാളിയുടെ പ്രബുദ്ധതയെ വെല്ലുവിളിച്ച് ഇന്നും നിലനിൽക്കുന്നുണ്ട്. ജാതി, പേരിന്റെ അവസാനത്തിൽനിന്ന് മാറ്റിയതുകൊണ്ട് മാത്രം മനസ്സിന്റെ അറ്റത്തുനിന്ന് മായില്ലെന്ന് മനസ്സിലാക്കണമെന്നും ജാതിവെറിയുള്ളവരെ തുറന്നുകാണിക്കാനാണ് സിനിമ ശ്രമിച്ചതെന്നും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഇന്നിന്റെ ജനപക്ഷ രാഷ്ട്രീയമാണ് സിനിമ പറയാൻ ശ്രമിച്ചതെന്നും എന്നാൽ, ഒരു പ്രൊപഗണ്ട സിനിമയല്ല, പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്നതാണിതെന്നും നടനും സംവിധായകനുമായ എം.എ. നിഷാദ് കൂട്ടിച്ചേർത്തു. സിനിമയുടെ പ്രമേയത്തിന്റെ പ്രത്യേകത കാരണം സിനിമക്ക് സെൻസർ ലഭിക്കുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്നും മലയാളികൾക്ക് സുപരിചിതമായ യഥാർഥ ജീവിതസന്ദർഭങ്ങൾ സിനിമയിൽ കാണാമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇവർ പറഞ്ഞു.ലക്ഷ്മണന് കാണിയെന്ന പരാതിക്കാരനായി ബിനു പപ്പു സിനിമയില്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. നിഷാദിന്റെ അഭിനയവും എടുത്തു പറയേണ്ടതാണ്. അനൂപ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ഷൈന്‍ ചിത്രത്തിലുള്ളത്. ഷൈന്‍ ഉജ്വല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. മേഘ തോമസ്, അനു നായര്‍ എന്നിവരും സിനിമയില്‍ നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിരിക്കുന്നു.
ഏറെക്കാലം യുഎഇയില്‍ റേഡിയോ കലാകാരനായിരുന്ന മുഹാദ് വെമ്പായമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ‘ടു മെന്‍’ എന്ന ചിത്രത്തിനും മുഹാദ് രചന നടത്തിയിരുന്നു. ബെസ്റ്റ് വേ എന്റെര്ടെയിന്മെന്റിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, സു നില് സുഖദ, സുധീര്‍ കരമന, പ്രജോദ് കലാഭവന്‍, ആരാധ്യ ആന്‍, ജോളി ചിറയത്ത് എന്നിവരും വേഷമിട്ടിരിക്കുന്നു.
നടൻ ബിനു പപ്പു, നടിമാരായ മേഘ തോമസ്, ദിവ്യ നായർ, നിർമാതാവ് അനൂജ് ഷാജി എന്നിവരും ദുബായിൽ സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.