Business Gulf UAE

2023 വർഷം മികച്ച ജീവിതശൈലി നിലനിർത്താൻ ബോധവത്കരണവുമായി ദുബായ് പ്രൊജക്ഷന്‍ ഹൗസ്

Written by themediatoc

ദുബായ് – സുസ്ഥിരതാ വര്‍ഷമായി ആചരിക്കുന്ന യു.എ.ഇയുടെ ആശയങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ട് ദുബായ് പ്രൊജക്ഷന്‍ ഹൗസ് പുതിയ സംരംഭങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷമുടനീളം ഓരോ മാസവും ഓരോ മികച്ച ജീവിതശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് പ്രൊജക്ഷന്‍ ഹൗസ് ലക്ഷ്യമിടുന്നത്. പ്രധാനമായും തൊഴിലിടങ്ങളിലെ അനാരോഗ്യകരമായ ശീലങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലാണ് ബോധവത്കരണം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിലൂടെ മെച്ചപ്പെട്ട ശാരീരിക മാനസിക നില നേടി കൂടുതല്‍ ഉല്പ്പാദനക്ഷമത കൈവരിക്കാനാവുമെന്ന് പ്രൊജക്ഷന്‍ ഹൗസ് വക്താക്കള്‍ അവകാശപ്പെട്ടു.

പ്രായം, ലിംഗഭേദം, പദവി എന്നിവ പരിഗണിക്കാതെ പ്രൊജക്ഷന്‍ ഹൗസിലെ എല്ലാ ജീവനക്കാര്‍ക്കുമായാണ് ബോധവത്കരണത്തിന്റെ ആദ്യഘട്ടം നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ താല്‍പ്പര്യമുള്ള മറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇത് മാതൃകയാക്കാമെന്ന് പ്രൊജക്ഷന്‍ ഹൗസ് സംഘാടകരായ അല്‍മോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ സിമെന്റോ, ഗ്രൂപ്പ് സി.ഇ.ഒ ജമാല്‍ സാബ്രി, പ്രൊജക്ഷന്‍ ഹൗസ് ജി.എം ജാസ്മിന്‍ മന്‍സൂര്‍, ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ സിദ്ധാര്‍ത്ഥ് സായ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തൊഴിലിടത്തിന് അകത്തും പുറത്തുമെല്ലാം നല്ല മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് 12 സിദ്ധാന്തങ്ങളാണ് പ്രധാനമായും നടപ്പാക്കുന്നത്. ജനുവരിയില്‍ നടപ്പാക്കിയ വാട്ടര്‍ ബ്രേക്ക്, സ്‌റ്റെ ഹൈഡ്രേറ്റഡ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഓരോ രണ്ട് മണിക്കൂര്‍ ഇടവേളയില്‍ വെള്ളം കുടിക്കാനും സുസ്ഥിരത പ്രോത്സാഹിപ്പിക്കാന്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു. ഫെബ്രുവരിയില്‍ ഐ ബ്രേക്ക്, ബ്ലിങ്ക് ആന്‍ഡ് ലൗ യുവര്‍ ഐസ് എന്ന പ്രമേയത്തില്‍ നേത്രസംരക്ഷണ ബോധവത്കരണം നടത്തി.

ശുദ്ധജല സംരക്ഷണത്തിനായി ഓരോ ദിവസവും ഒരു ദിര്‍ഹം വീതം മാറ്റിവെക്കുകയാണ് മാര്‍ച്ച് മാസത്തിലെ ബോധവത്കരണം കൊണ്ടുദ്ദേശിക്കുന്നത്. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവരെ സന്ദര്‍ശിച്ച് അവരില്‍ ജീവിതപ്രതീക്ഷ നല്‍കാനായി ആക്ട് ഓഫ് കൈന്‍ഡ്‌നെസ്, നിക്ഷേപ സാധ്യകളെക്കുറിച്ചുള്ള ബോധവത്കണം, ലോക സംഭവവികാസങ്ങള്‍ മനസ്സിലാക്കല്‍, ആരോഗ്യത്തിന് മുന്‍ഗണന നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍, ഓരോരുത്തരുടെയും കഴിവുകളെ പുറത്തുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍, പ്രചോദനമേകുന്ന കഥകള്‍ പങ്കിടുക, ദിവസവും ഒരു തൈ നട്ട് ആവാസവ്യവസ്ഥയെ നിലനിര്‍ത്താം, ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം, എന്റെ ഭൂമി എന്റെ സ്വര്‍ഗമാണ് തുടങ്ങിയ പ്രമേയത്തിലുള്ള ബോധവത്കരണമാണ് ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയായി നടപ്പാക്കുന്നത്.

About the author

themediatoc

Leave a Comment