Gulf UAE

ദുബായിൽ കെ.എം.സി.സി സ്വന്തം ആസ്ഥാനം; ധാരണാ പത്രം ഒപ്പ് വെച്ചു ദുബായ് കെഎംസിസി ഭാരവാഹികൾ

Written by themediatoc

ദുബായ് – അര നൂറ്റാണ്ടിലേറെ കാലമായി ജീവ കാരുണ്യ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലെ നിസ്തുല സേവനങ്ങളുമായി പ്രവാസ ലോകത്ത് പ്രവർത്തിച്ചു വരുന്ന കെ.എം.സി.സി പ്രസ്ഥാനത്തിന് ദുബായിൽ സ്വന്തമായി ആസ്ഥാനം നിർമ്മിക്കുന്നതിന് ദുബൈ ഗവർമെന്റ് ഭൂമി നൽകി. ദുബൈയിലെ റാഷിദിയയിലാണ് ഒന്നര ഏക്കർ ഭൂമി അനുവദിച്ചുകിട്ടിയതെന്ന് ദുബൈ കെഎംസിസി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജാതിമത വർഗ്ഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രയാസപ്പെടുന്ന മുഴുവൻ ജനങ്ങൾക്കും സഹായ ഹസ്തമായി നിൽക്കുന്ന കേരള മുസ്ലിം കൾച്ചറൽ സെന്റർ ദുബൈ ഗവണ്മെന്റിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന സംഘടനയാണ്. കെഎംസിസി പ്രവർത്തകരും അനുഭാവികളും വർഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന സ്വന്തം ആസ്ഥാനമന്ദിരമെന്ന സ്വപ്നമാണ് ഇവിടെ യാഥാർഥ്യമാകുന്നത്.

ദുബായിൽ കെഎംസിസിയെ ജനകീയമാക്കുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുകയും ദീർഘ കാലം ദുബൈ കെഎംസിസിയുടെ അമരക്കാരനുമായിരുന്ന ഇബ്രാഹിം എളേറ്റിലിന്റെ നിരന്തരമായുള്ള അവശ്യം പരിഗണിച്ച് വ്യവസായിയും പ്രവാസി മലയാളികളുടെ അഭിമാനവും ആശാ കേന്ദ്രവുമായ പത്മ ശ്രീ എം എ യൂസഫലിയുടെ ശ്രമഫലമായിട്ടാണ് പ്രസ്തുതഭൂമി ലഭ്യമായിട്ടുള്ളത്.

സി.ഡി.എ ഡയറക്ടർ H. E. അഹമ്മദ് അബ്ദുൽ കരീം ജുൽഫാർ, പത്മ ശ്രീ എം.എ യൂസഫലി എന്നിവരുടെ സാനിദ്ധ്യത്തിൽ ദുബൈ നോളെഡ്ജ് ഫണ്ട്‌ എസ്റ്റാബ്ലിഷ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുള്ള അൽ അവാർ എന്നിവരുമായി നടന്ന ഒപ്പ് വെക്കൽ ചടങ്ങിൽ വ്യവസായികളായ ഖാദർ തെരുവത്ത്, അബ്ദുള്ള പൊയിൽ, ദുബൈ കെഎംസിസി സി.ഡി.എ ഡയറക്ടർ ബോർഡ്‌ പ്രസിഡന്റ്‌ ഇബ്രാഹിം എളേറ്റിൽ, ഡയറക്ടർ മാരായ ശംസുദ്ധീൻ ബിൻ മുഹിയിദ്ധീൻ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, വി.ടി മുസ്ഥഫ വേങ്ങര, അഡ്വ: ഇബ്രാഹിം ഖലീൽ സംബന്ധിച്ചു.

അറുപത്തി അഞ്ചോളം മണ്ഡലം കമ്മിറ്റികളും പതിമൂന്ന് ജില്ലാ കമ്മിറ്റികളും നിരവധി പഞ്ചായത്ത് കമ്മിറ്റികളും പ്രവർത്തിക്കുന്ന ദുബൈ കെഎംസിസിക്ക് ആധുനിക രീതിയിലുള്ള ഓഫിസ് സമുച്ചയമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. CDAയുടെ അധീനതയിൽ പ്രവർത്തിക്കുന്ന ദുബൈ കെഎംസിസി ശാസ്ത്രീയവും ജനോപകാരപ്രദവുമായ ഒട്ടേറെ പ്രവർത്തങ്ങളാണ് ദുബായിലും നാട്ടിലുമായി ചെയ്തു കൊണ്ടിരിക്കുന്നത്. കൊറോണ കാലയളവിൽ ദുബായിലെ എല്ലാ ഭാഗങ്ങളിലും ദുബൈ മുൻസിപ്പാലിറ്റി, ദുബൈ പോലീസ്, വതൻ അൽ ഇമാറാത്ത്, ദുബൈ ഹെൽത്ത് അതോറിറ്റി, നാഷണൽ സെക്യൂരിറ്റി, ദുബൈ ഫുഡ്‌ ബാങ്ക് തുടങ്ങിയ ഗവണ്മെന്റ് ഡിപ്പാർട്ടുകളുമായി സഹകരിച്ചു പ്രവർത്തിക്കാൻ കെഎംസിസി ക്കായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദുബൈയിൽ പ്രവർത്തിക്കുന്ന എഴു സന്നദ്ധ സംഘടനകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ യു.എ.ഇക്ക് പുറത്തു നിന്നുള്ള ഏക സംഘടന ദുബൈ കെഎംസിസിയായിരുന്നു.

ദേര അബ്ര, സബക, അൽ ബറഹ, അൽ മംസർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന കെ.എം.സി.സി ആസ്ഥാനം ഇപ്പോൾ അബു ഹയിലെ വാടക കെട്ടിടത്തിലാണ്. UAE ദേശീയ ദിനം, ഇഫ്താർ ടെന്റ്, ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡിനോനുബന്ധിച്ചുള്ള പ്രഭാഷണം, കലാ കായിക മത്സരങ്ങൾ ഉൾപ്പെടെ വൻ ജനാവലി പങ്കെടുക്കുന്ന പരിപാടികൾ സ്ഥലപരിമിതി കാരണം തൊട്ടടുത്തുള്ള മറ്റു വേദികളിലാണ് സംഘടിപ്പിച്ചു പോരുന്നത്. സ്വന്തമായി കെട്ടിടം ഉണ്ടാവുന്നതോടെ മുഴുവർ പരിപാടികളും നടത്താനുള്ള വേദി കെഎംസിസിക്ക് സ്വന്തമാവും എന്ന സന്തോഷത്തിലാണ് മുഴുവൻ കെഎംസിസി അംഗങ്ങളും.

വാർത്താ സമ്മേളനത്തിൽ ദുബൈ കെഎംസിസി സി.ഡി.എ ഡയറക്ടർ ബോർഡ്‌ പ്രസിഡന്റ്‌ ഇബ്രാഹിം എളേറ്റിൽ, ഡയറക്ടർ മാരായ ഹുസൈനാർ ഹാജി ഇടച്ചാകൈ, ഹംസ തൊട്ടി, വി ടി മുസ്തഫ വേങ്ങര, അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ എന്നിവർ പങ്കെടുത്തു.

About the author

themediatoc

Leave a Comment