Gulf UAE

മലയാളി ഡോക്ടർമാരുടെ ആഗോള സംഘടന എ.കെ.എം.ജി ഗ്ലോബൽ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു

Written by themediatoc

ദുബായ് – യുഎയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജി എമിറേറ്റ്സ് ന്റെ 20-ആം വാർഷികം ‘അശ്റീൻ’ സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മലയാളിഡോക്ടർമാരുടെ ആഗോള സംഘടനയായ എ.കെ.എം.ജി ഗ്ലോബൽ മുഖ്യാതിഥി ഡോക്ടർ ശശി തരൂർ എം പി ഉദ്ഘാടനം ചെയ്തു. എ.കെ.എം.ജി ഗ്ലോബൽന്റെ സമാരംഭം വൈദ്യശാസ്ത്ര വിജ്ഞാനത്തിന്റെ നൂതനാശയങ്ങൾ ഇന്ത്യയിലേക്ക് വേഗത്തിൽ എത്തിക്കുവാൻ സഹായകരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്പം എ.കെ.എം.ജി എമിറേറ്റ്സിന്റെ വിവിധ രംഗത്തുള്ള പ്രവർത്തനങ്ങളും, സാമൂഹ്യ സേവനങ്ങളും അത്യധികം പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡിനുശേഷം ആഗോളതലത്തിൽ ആരോഗ്യ സംരക്ഷണ മേഖലയിൽ കോടിക്കണക്കിന് ഡോളർ വകയിരുത്തി പദ്ധതികൾക്ക് രൂപകൽപ്പന ചെയ്യുന്നത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. എ.കെ.എം.ജി എമിറേറ്റ്സിനെ പോലുള്ള പ്രവാസി ആരോഗ്യ വിദഗ്ധരുടെ സംഘടനകൾക്ക്, വിശിഷ്യാ കേരളത്തിലെ, ആരോഗ്യനയരൂപീകരണത്തിലും നടത്തിപ്പിലും പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് ഡോക്ടർ ശശി തരൂർ അഭിപ്രായപ്പെട്ടു. ഡോക്ടർ വന്ദന ദാസിന്റെ ക്രൂര കൊലപാതകം പോലുള്ള ഒന്ന് ഒരു ആധുനിക സമൂഹത്തിൽ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഇനിയെങ്കിലും ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങളിൽ നിന്ന് സംരക്ഷണം നൽകാനുള്ള നിയമനിർമ്മാണം ശാസ്ത്രീയമായി തന്നെ രൂപകൽപന ചെയ്യേണ്ടതുണ്ട്. നിർഭയരായി അവരുടെ സേവനം സമൂഹത്തിന് ലഭിക്കണമെങ്കിൽ അത് അത്യന്താപേക്ഷിതമാണ്. രണ്ടുവർഷം മുമ്പ് ഈ വിഷയത്തിൽ താൻ പാർലമെന്റിൽ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇനിയും ഈ വിഷയത്തിൽ എ.കെ.എം.ജി എമിറേറ്റ്സിനും സമാനസംഘടനകൾക്കും വേണ്ട പിന്തുണ നൽകാൻ സന്നദ്ധനാണെന്നും ശശി തരൂർ വാഗ്ദാനം നൽകി.

സമ്മേളനത്തിൽ 150 ഓളം ഡോക്ടർമാരും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച നാടക സമാഹാരം ‘ഋതു’ കാണികളെ വിസ്മയിപ്പിച്ചു. ഡോക്ടർ ഉണ്ണികൃഷ്ണ വർമ്മ രചിച്ച് ഡോക്ടർ ആരിഫ് കണ്ടോത്ത് സംവിധാനം ചെയ്ത്, ഡോക്ടർ നിത സലാമിന്റെ മേൽനോട്ടത്തിൽ നാലുമാസത്തെ തീവ്ര പരിശീലനത്തിനുശേഷം സ്ത്രീത്വത്തിന്റെ നാലു മുഖങ്ങൾ നാലു ഋതുക്കളിലൂടെ അവതരിപ്പിച്ചത് വേറിട്ട ഒരു അനുഭവം കാഴ്ചവെച്ചു.

ആധുനിക വൈദ്യശാസ്ത്രരംഗത്തിനു നൽകിയ മികച്ച സംഭാവനകൾക്കുള്ള എ കെ എം ജി എമിറേറ്റ്സ് എക്സലൻസ് അവാർഡ് 2023 സമ്മേളനത്തിൽ മുഖ്യാതിഥി വിതരണം ചെയ്തു. അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓണ്‍കോളജി ക്ലിനിക്കൽ പ്രൊഫസർ ആയ ഡോക്ടർ എം വി പിള്ളക്ക് വൈദ്യശാസ്ത്രത്തിലെ ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡും ജി42 ഹെൽത്ത് കെയറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അബുദാബി ഹെൽത്ത് ഇൻഫർമേഷൻ എക്സ്ചേഞ്ച് ബോർഡ് ചെയർമാനുമായ ആശിഷ് ഐപ്പ് കോശിക്ക് ആരോഗ്യ സംരക്ഷണ രംഗത്തെ യൂത്ത് ഐക്കൺ പുരസ്കാരവും നൽകി ആദരിച്ചു.

എ കെ എം ജി എമിറേറ്റ്സിന്റെ പത്താമത് പ്രസിഡണ്ടായി 2023-25 കാലയളവിലേക്ക് ദുബായിലെ പ്രശസ്ത സ്ത്രീ രോഗ വിദഗ്ധ ഡോക്ടർ നിർമല രഘുനാഥൻ സമ്മേളനത്തിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. സെക്രട്ടറി ജനറൽ ഡോക്ടർ ആസിഫ് പി. എ (അബുദാബി), ട്രഷറർ ഡോക്ടർ ജമാലുദ്ദീൻ അബൂബക്കർ (അജ്മാൻ) എന്നിവരോടൊപ്പം സെൻട്രൽ എക്സിക്യൂട്ടീവും 7 റീജിയണുകളുടെ ഭാരവാഹികളും, നിയുക്ത പ്രസിഡന്റ് ഡോക്ടർ സുകു കോശിയും സ്ഥാനമേറ്റു. പുതിയ പ്രസിഡന്റിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തന പ്രമേയമായി തെരഞ്ഞെടുത്ത ‘നമ്മുടെ ഭൂമി നമ്മുടെ വീട്’ എന്ന പ്രസിഡൻഷ്യൽ തീമിന്റെ ഔപചാരികമായ ഉദ്ഘാടനം മുഖ്യാതിഥി ഡോക്ടർ ശശി തരൂർ നിർവഹിച്ചു.

About the author

themediatoc

Leave a Comment