അബൂദബി: ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി, ബയോമെട്രിക് പരിശോധന പൂർത്തിയാക്കാത്ത ഉപഭോക്താക്കളുടെ ബാങ്കിങ് ആപ്പ് പ്രവേശനം തടഞ്ഞുതുടങ്ങി യുഎഇയിലെ ബാങ്കുകൾ.
മുഖം, കണ്ണ് എന്നിവ ഉപയോഗിച്ചുള്ള തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കണമെന്നാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന നിർദേശം. നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്കിങ് ആപ്പിലെ സേവനങ്ങൾ ഉപയോഗിക്കുന്നതിനും ഇലക്ട്രോണിക് സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്നതിനും തടസ്സമുണ്ടാകാം.
ഓൺലൈൻ തട്ടിപ്പുകളും ഒ.ടി.പി കോഡുകളുടെ ദുരുപയോഗവും തടയുന്നതിനായാണ് സുരക്ഷാ സംവിധാനത്തിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. എസ്.എം.എസ്, ഇ-മെയിൽ വഴി ലഭിക്കുന്ന ഒ.ടി.പികൾക്ക് പകരം ബാങ്കിന്റെ ഔദ്യോഗിക ആപ്പ് വഴിയുള്ള സ്ഥിരീകരണത്തിനാണ് ഇപ്പോൾ മുൻഗണന.
ഫിംഗർപ്രിന്റ്, ഫേഷ്യൽ റെക്കഗ്നിഷൻ, ആപ്പ് പാസ്‌കോഡ് എന്നിവ ഉപയോഗിച്ച് ഇടപാടുകൾ സ്ഥിരീകരിക്കാം. ബാങ്കുകളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കണമെന്ന് ഉപഭോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്.
സംശയങ്ങൾ ഉണ്ടെങ്കിൽ ബാങ്കിന്റെ ഔദ്യോഗിക ചാനലുകൾ വഴി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.





