റിയാദ്: സൗദി അറേബ്യയുമായി ബന്ധപ്പെട്ട സംഘർഷസാഹചര്യത്തെത്തുടർന്ന് വിമാനസർവീസുകൾ റദ്ദാക്കിയതോടെ പ്രവാസികൾ കടുത്ത യാത്രാപ്രതിസന്ധിയിൽ. ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ റിയാദിലേക്കും ജിദ്ദയിലേക്കുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതാണ് യാത്രക്കാരുടെ ദുരിതം വർധിപ്പിച്ചത്.
റിയാദിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയും ജിദ്ദയിലേക്കുള്ളവ നവംബർ 10 വരെയുമാണ് റദ്ദാക്കിയത്. ടിക്കറ്റ് എടുത്തവർക്ക് ഏഴ് ദിവസത്തിനകം പൂർണ തുക തിരിച്ചുനൽകുമെന്നും സൗജന്യമായി യാത്രാ തീയതി മാറ്റാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
അതേസമയം, സർവീസുകൾ കുറഞ്ഞതോടെ ലഭ്യമായ വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്ക് അരലക്ഷം രൂപയ്ക്കു മുകളിലെത്തിയതായാണ് റിപ്പോർട്ട്. ദമാമിൽനിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് സാധാരണ 700 റിയാൽ വരെ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 1,200 റിയാലിന് മുകളിലാണ് നിരക്ക്.
റിയാദിൽനിന്ന് ഇന്ത്യയിലേക്ക് ഫ്ലൈനാസിൽ നവംബർ 12 വരെ ടിക്കറ്റ് ബുക്ക് ചെയ്ത ചില യാത്രക്കാർക്ക് ദമാം, അൽ ഖസീം വഴി യാത്ര പുനഃക്രമീകരിക്കാനുള്ള സൗകര്യമുണ്ട്. ഈ നഗരങ്ങളിൽനിന്ന് റിയാദിലേക്ക് സൗജന്യ ബസ് സർവീസും ഒരുക്കിയിട്ടുണ്ട്.
വിമാനലഭ്യതക്കുറവും ഉയർന്ന ടിക്കറ്റ് നിരക്കും കാരണം അവധിക്കും അടിയന്തര ആവശ്യങ്ങൾക്കുമായി നാട്ടിലേക്ക് പോകേണ്ടവരും സൗദിയിലേക്ക് മടങ്ങേണ്ടവരും ഒരുപോലെ പ്രയാസത്തിലായിരിക്കുകയാണ്.





