2040ഓടെ ദുബൈയിൽ 35 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനും ഹരിതപ്രദേശങ്ങൾ 187 ചതുരശ്ര കിലോമീറ്ററായി ഉയർത്താനും ലക്ഷ്യമിട്ട് ദുബൈ മുനിസിപ്പാലിറ്റി. നഗരത്തെ കൂടുതൽ ഹരിതാഭമാക്കുന്നതിനൊപ്പം താമസയോഗ്യവും പരിസ്ഥിതി സൗഹൃദവുമായ നഗരമായി വികസിപ്പിക്കുകയാണ് ലക്ഷ്യം.
ആളോഹരി പച്ചപ്പ് 11 ചതുരശ്ര മീറ്ററാക്കാനും പാർക്കുകളിലും വിനോദകേന്ദ്രങ്ങളിലും പ്രതിവർഷം 9.5 കോടി സന്ദർശകരെ ആകർഷിക്കാനും പദ്ധതിയുണ്ട്. 2033ഓടെ പുതിയ കെട്ടിടങ്ങളിൽ 40 ശതമാനത്തിലും സ്മാർട്ട് നിർമാണ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും മാലിന്യങ്ങൾ 100 ശതമാനവും പുനരുപയോഗിക്കാനുമാണ് മറ്റൊരു ലക്ഷ്യം.
നഗരാസൂത്രണത്തിൽ നിർമിതബുദ്ധിയും ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്താനും മുനിസിപ്പാലിറ്റി പദ്ധതിയിടുന്നു. അതേസമയം, മഴവെള്ള ഡ്രെയിനേജ് ശേഷി 700 ശതമാനം വർധിപ്പിക്കുന്ന 3,000 കോടി ദിർഹത്തിന്റെ തസ്രീഫ് പദ്ധതിയും പുരോഗമിക്കുകയാണ്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിദിനം രണ്ടുകോടി ക്യുബിക് മീറ്ററിലധികം മഴവെള്ളം കൈകാര്യം ചെയ്യാൻ സാധിക്കും.
ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് ദുബൈയെ ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നായി നിലനിർത്താനുള്ള വികസന പദ്ധതികൾ ശക്തമാക്കുകയാണ് അധികൃതർ.





