ദുബൈയിലെ ഔട്ട്ഡോർ പരസ്യങ്ങൾക്ക് ഏകീകൃത മാർഗനിർദേശങ്ങൾ പുറത്തിറക്കി ദുബൈ മുനിസിപ്പാലിറ്റി. നഗരത്തിന്റെ ദൃശ്യഭംഗിയും സാംസ്കാരിക തനിമയും സംരക്ഷിക്കുന്നതിനൊപ്പം പരസ്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
പരസ്യങ്ങളിലെ എഴുത്തുകൾ, ചിത്രങ്ങൾ, ലോഗോകൾ, ആനിമേഷനുകൾ, ഡിജിറ്റൽ ഡിസ്പ്ലേകൾ, ഇന്ററാക്ടീവ് സംവിധാനങ്ങൾ എന്നിവയ്ക്ക് പുതിയ മാനദണ്ഡങ്ങൾ ബാധകമാകും.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നിർമിതബുദ്ധിയുടെയും വളർച്ച കണക്കിലെടുത്താണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പരസ്യങ്ങൾ ദുബൈയുടെ നഗരപരിസരത്തിനും സാംസ്കാരിക മൂല്യങ്ങൾക്കും അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നതിനൊപ്പം പൊതുസുരക്ഷയ്ക്കും ഉപഭോക്തൃ സംരക്ഷണത്തിനും പ്രാധാന്യം നൽകും.
പരസ്യ ഏജൻസികൾക്കും ബ്രാൻഡുകൾക്കും സ്ഥാപനങ്ങൾക്കും പുതിയ മാർഗനിർദേശങ്ങൾ സഹായകരമാകും. നടപടിക്രമങ്ങൾ ലളിതമാക്കാനും പരസ്യങ്ങളുടെ പരിശോധന കൂടുതൽ കാര്യക്ഷമമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
നഗരത്തിന്റെ ദൃശ്യഭംഗി വർധിപ്പിക്കുകയും ഉത്തരവാദിത്തത്തോടെയുള്ള പരസ്യനിർമാണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ദുബൈ മുനിസിപ്പാലിറ്റിയുടെ പുതിയ നടപടി.





