ലോകത്തിലെ ഏറ്റവും വലിയ സ്നോബോർഡ്, വാട്ടർ സ്പോർട്സ് ബോർഡ് നിർമാണ കമ്പനികളിലൊന്നായി വളർന്ന ദുബൈയിലെ എസ്ഡബ്ല്യുഎസ് ബോർഡ് ടെക്നോളജിക്ക് സാമ്പത്തിക മേഖലയിലെ ദുബൈ-ഇറ്റ് പുരസ്കാരം. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുരസ്കാരം സമ്മാനിച്ചത്.
റൈനിയർ നൂഹ്റ ദുബൈയിൽ സ്ഥാപിച്ച കമ്പനി ഇന്ന് ലോകത്തെ കൈറ്റ്ബോർഡുകളുടെയും വേക്ക്ബോർഡുകളുടെയും പകുതിയോളം നിർമിക്കുന്നു. സ്നോബോർഡുകളുടെ മൂന്നിലൊന്നും കമ്പനിയുടെ ഉൽപ്പാദനമാണ്. പ്രതിവർഷം നാല് ലക്ഷത്തി അമ്പതിനായിരത്തിലധികം ബോർഡുകൾ നിർമിക്കാനുള്ള ശേഷിയുള്ള സ്ഥാപനത്തിന്റെ ഉൽപ്പന്നങ്ങൾ ആഗോള വിപണികളിലെത്തുന്നു. ഇതുവരെ അറുപത് ലക്ഷത്തിലധികം ബോർഡുകൾ വിറ്റഴിച്ചിട്ടുണ്ട്. ശൈത്യകാല ഒളിമ്പിക്സ് ഉൾപ്പെടെയുള്ള ലോകോത്തര മത്സരങ്ങളിലും ദുബൈയിൽ നിർമിച്ച ബോർഡുകൾ ഉപയോഗിക്കുന്നുണ്ട്.
എഞ്ചിനീയറിങ് വൈദഗ്ധ്യവും നൂതന കോമ്പോസിറ്റ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി ഗവേഷണം മുതൽ നിർമാണവും ഗുണനിലവാര പരിശോധനയും ആഗോള വിതരണവും വരെയുള്ള സമ്പൂർണ വ്യവസായ ശൃംഖലയാണ് കമ്പനി വികസിപ്പിച്ചത്. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം പുനരുപയോഗ സാങ്കേതികവിദ്യയിലും കമ്പനി ശ്രദ്ധ ചെലുത്തുന്നു. ഒരു ബോർഡിലെ വസ്തുക്കളുടെ ഏകദേശം 95 ശതമാനവും പുനരുപയോഗിച്ച് പുതിയ ബോർഡുകൾ നിർമിക്കാൻ കഴിയുന്ന പദ്ധതികളും ഇതിന്റെ ഭാഗമാണ്.
മരുഭൂമിയായിരുന്ന ഒരു നഗരത്തിൽ ലോകത്തിലെ പ്രമുഖ സ്നോബോർഡ് നിർമാണ കേന്ദ്രങ്ങളിലൊന്ന് ഉയർന്നുവന്നത് വലിയ നേട്ടമാണെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. മറ്റുള്ളവർ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ അവസരങ്ങൾ കണ്ടെത്തി അവയെ മികച്ച നേട്ടങ്ങളാക്കി മാറ്റുന്നതാണ് ദുബൈയുടെ പ്രവർത്തനരീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയുടെ ആധുനിക അടിസ്ഥാനസൗകര്യങ്ങളും തന്ത്രപ്രധാനമായ ഭൂമിശാസ്ത്ര സ്ഥാനവും ആഗോള വ്യാപാര ബന്ധങ്ങളും പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര ബ്രാൻഡുകളുടെ വിശ്വാസം നേടിയ എസ്ഡബ്ല്യുഎസ് ബോർഡ് ടെക്നോളജിയുടെ നേട്ടം, നൂതന നിർമാണമേഖലയിൽ ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ വളർച്ചയ്ക്കും കരുത്തുപകരുന്നതാണ്.





