യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെ തുടർന്ന് റോഡുകളിൽ കാഴ്ചപരിധി കുറയാനും നനഞ്ഞ റോഡുകളിൽ വാഹനങ്ങൾ തെന്നിമാറാനും സാധ്യതയുള്ളതിനാൽ വേഗത കുറച്ച് യാത്ര ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
ശനി മുതൽ ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാത്രിയിലും പുലർച്ചെയുമായി ഈർപ്പം വർധിക്കുന്നതിനാൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരാനും ഇടയുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിക്കണം. വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുകയും ഇലക്ട്രോണിക് റോഡ് സൈൻ ബോർഡുകളിൽ നിർദേശിക്കുന്ന വേഗപരിധി അനുസരിക്കുകയും വേണം.
വെള്ളം കെട്ടിക്കിടക്കുന്നതോ ഒഴുകിയെത്തുന്നതോ ആയ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്നും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത് ഒഴിവാക്കണമെന്നും അബൂദബി പൊലീസ് അഭ്യർഥിച്ചു.





