അബൂദബിയുടെ എ.ഐ അധിഷ്ഠിത സർക്കാർ സേവനങ്ങൾ ഇനി ആഗോളതലത്തിലേക്കും. സർക്കാർ സേവനങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി ‘താം ഗ്ലോബൽ’ എന്ന പുതിയ ഡിജിറ്റൽ സർവീസസ് കമ്പനിക്ക് അബൂദബിയിൽ തുടക്കമായി.
അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശപ്രകാരം അബൂദബി ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എനേബിൾമെന്റാണ് പദ്ധതി പ്രഖ്യാപിച്ചത്.
അബൂദബിയുടെ ഏകീകൃത സർക്കാർ സേവന പ്ലാറ്റ്ഫോമായ ‘താം’ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയും നിർമിതബുദ്ധി സംവിധാനങ്ങളും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് പുതിയ കമ്പനിയുടെ പ്രധാന ലക്ഷ്യം. ഡിജിറ്റൽ മേഖലയിൽ ആഗോള പങ്കാളിത്തവും നിക്ഷേപവും വർധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഡിജിറ്റൽ സേവനങ്ങളുടെ വികസനം, സാങ്കേതികവിദ്യയുടെ നടത്തിപ്പും ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും, ഗവേഷണം, സ്വദേശി പ്രതിഭകൾക്കുള്ള പരിശീലനം എന്നിവയും കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടും.
2005ൽ ആരംഭിച്ച ‘താം’ പ്ലാറ്റ്ഫോം നിലവിൽ സർക്കാർ-സ്വകാര്യ മേഖലകളിലെ 1,200ലധികം സേവനങ്ങൾ ഒറ്റ ഡിജിറ്റൽ പോർട്ടലിലൂടെ ലഭ്യമാക്കുന്നുണ്ട്. നിർമിതബുദ്ധിയുടെ സംയോജനത്തോടെ ഉപഭോക്തൃ സംതൃപ്തി 2022ലെ 78 ശതമാനത്തിൽനിന്ന് 94.5 ശതമാനമായി ഉയർന്നതായും സേവനച്ചെലവിൽ 30 ശതമാനം കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ലോകത്തിലെ ആദ്യത്തെ എ.ഐ അധിഷ്ഠിത സർക്കാർ സംവിധാനമായി മാറാനുള്ള അബൂദബിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണ് ‘താം ഗ്ലോബൽ’ എന്ന് അധികൃതർ വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ നിയമങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ പുതിയ കമ്പനിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.





