കുട്ടികളിലെ അമിത സ്ക്രീൻ ഉപയോഗം ആശങ്കയാകുന്നു. ഉറക്കക്കുറവ്, ഏകാഗ്രതയില്ലായ്മ, കാഴ്ചപ്രശ്നങ്ങൾ, പെരുമാറ്റത്തിലെ മാറ്റങ്ങൾ തുടങ്ങിയവ വർധിക്കുന്നതായി യുഎഇയിലെ ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
രാത്രി വൈകിയുള്ള മൊബൈൽ ഫോൺ ഉപയോഗം കുട്ടികളുടെ ഉറക്കക്രമത്തെ ബാധിക്കുന്നതായി അൽ ജദ്ദാഫ് ആസ്റ്റർ ക്ലിനിക്കിലെ പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ. സുധാ റാവു വ്യക്തമാക്കി.
ദിവസവും നാല് മണിക്കൂറിലധികം സ്ക്രീൻ ഉപയോഗിക്കുന്ന ആറ് മുതൽ 12 വയസ്സുവരെയുള്ള കുട്ടികളിൽ 66.7 ശതമാനം പേർക്ക് ഉറങ്ങാൻ പ്രയാസം നേരിടുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരു മണിക്കൂറിൽ താഴെ മാത്രം സ്ക്രീൻ ഉപയോഗിക്കുന്ന കുട്ടികളിൽ ഈ നിരക്ക് 9.5 ശതമാനമാണ്.
സ്കൂളുകളിലെ മൊബൈൽ ഫോൺ നിയന്ത്രണങ്ങൾ മാത്രം മതിയാകില്ലെന്നും കുട്ടികളുടെ ഡിജിറ്റൽ ശീലങ്ങളിൽ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു.
കുട്ടികളുടെ കിടപ്പുമുറികളിൽനിന്ന് മൊബൈൽ ഫോണുകൾ ഒഴിവാക്കുക, ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് സ്ക്രീൻ ഉപയോഗം അവസാനിപ്പിക്കുക, ഭക്ഷണസമയത്ത് ഫോണുകൾ മാറ്റിവെക്കുക തുടങ്ങിയ ശീലങ്ങൾ പ്രോത്സാഹിപ്പിക്കണം.
സ്ക്രീൻ സമയത്തിന് വ്യക്തമായ പരിധി നിശ്ചയിക്കുന്നതിനൊപ്പം കുട്ടികൾക്ക് പുറത്തുപോയി കളിക്കാനും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അവസരമൊരുക്കണമെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.





