അബൂദബി – രാത്രി സമയങ്ങളിൽ ആരാധനാലയങ്ങൾക്ക് മുന്നില്‍ പരിസരങ്ങളിലും വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. നിലവിൽ റമ്ദാൻ തറാവീഹ് നമസ്കാര സമയത്തും മറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സത്തിന് കാരണമാവുന്നുണ്ട്. ഇത് അടിയന്തര സര്‍വിസ് നടത്തുന്ന വാഹനങ്ങളെ തടസ്സപ്പെടുത്തുകയും ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുകയും ചെയ്യുമെന്ന് അബൂദബി പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ നല്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി. കാല്‍നടപ്പാതകള്‍ കൈയേറിയും പ്രവേശന കവാടങ്ങള്‍ അടച്ചും പാര്‍ക്ക് ചെയ്യരുത്.
എന്നാൽ നിര്‍ദിഷ്ട മേഖലകളില്‍ അല്ലാതെ നടപ്പാതകളിലും മറ്റും പാര്‍ക്ക് ചെയ്യുന്നത് 1000 ദിര്‍ഹം പിഴ ചുമത്തപ്പെടുന്ന കുറ്റമാണ്. ചുമത്തപ്പെടുന്ന പിഴ 60 ദിവസത്തിനുള്ളില്‍ അടച്ചാല്‍ 35 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. 60 ദിവസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പിഴ അടച്ചാല്‍ 25 ശതമാനം ഇളവ് നല്‍കുന്നതാണ്. അബൂദബി സര്‍ക്കാറിന്റെ ഡിജിറ്റല്‍ ചാനലുകള്‍ മുഖേനയോ പൊലീസിന്റെ കസ്റ്റമര്‍ സര്‍വിസ് പ്ലാറ്റ്ഫോമുകള് മുഖേനയോ പിഴയടക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.