ദുബായ് – മുഖം കാണിച്ച് യാത്രാനടപടികൾ പൂർത്തിയാക്കുന്ന സംവിധാനം എല്ലാ യാത്രക്കാരിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി ദുബൈ വിമാനത്താവളം. നിലവിൽ യു.എ.ഇയിൽ താമസവിസയുള്ള പ്രവാസികൾക്കും ജി.സി.സി പൗരൻമാർക്കുമാണ് ഈ സൗകര്യമുളളത്. മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെക് ഇൻ, എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ യാത്രക്കാർക്ക് കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. അടുത്ത വർഷം മുതൽ പ്രവാസികൾ അടക്കമുള്ള എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഈ സൗകര്യം ലഭ്യമാക്കും.
ഈ പദ്ധതി യാഥാർഥ്യമാക്കുന്നതിന് ജി.ഡി.ആർ.എഫ്.എയും എമിറേറ്റ്സും തമ്മിൽ കരാർ ഒപ്പുവെച്ചു. ആദ്യപടിയായി ടെർമിനൽ മൂന്നിലെ യാത്രക്കാർക്കാണ് സംവിധാനം ഏർപ്പെടുത്തുന്നത്. നിലവിൽ പാസ്പോർട്ട്, ടിക്കറ്റ് എന്നിവ നൽകിയാണ് ചെക് ഇൻ ചെയ്യുന്നത്. എന്നാൽ, പുതിയ സംവിധാനം യാഥാർഥ്യമാകുന്നതോടെ ഗേറ്റിൽ മുഖം കാണിക്കുന്നതോടെ ചെക് ഇൻ ആകും. വിമാനത്താവളത്തിലെ നീണ്ട ക്യൂ ഒഴിവാക്കാൻ ഇത് സഹായിക്കും.
ബയോമെട്രിക് സാങ്കേതിക വിദ്യകളും ജി.ഡി.ആർ.എഫ്.എ ഡേറ്റാബേസും ഉപയോഗിച്ച് വിമാനത്താവളത്തിലെ ഒന്നിലധികം പോയന്റുകളിൽ യാത്രക്കാരെ തിരിച്ചറിയാൻ കഴിയും. ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും എമിറേറ്റ്സ് ചീഫ് ഓപറേറ്റിങ് ഓഫിസർ അദേൽ അൽ റിദയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ദുബൈയെ ലോകത്തെ മുൻനിര ബിസിനസ് ഹബ്ബും ടൂറിസം കേന്ദ്രവുമായി മാറ്റാനുള്ള ലക്ഷ്യത്തിലാണ് തങ്ങളെന്ന് ജനറൽ അൽ മർറി പറഞ്ഞു. ഈ വർഷം ഇതിനകം 80 ലക്ഷം വിനോദസഞ്ചാരികൾ നഗരത്തിലെത്തി. അവർക്ക് മികച്ച സേവനങ്ങളൊരുക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു