ദുബായ് – ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഏർപ്പെടുത്തിയ ഫെഡറൽ നിയമം കർശനമാക്കുന്നതിന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുതുക്കിയ നിയമ വ്യവസ്ഥ അനുസരിച്ച് ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുന്ന ഏതൊരു ചില്ലറ വ്യാപാരികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പ്രത്യേക പിഴകൾ ഉൾപ്പെടുത്തി. എന്നാൽ പുതുക്കിയ നിയമവ്യവസ്ഥ പ്രാദേശിക, ഫെഡറൽ തലങ്ങളിലും സ്വകാര്യ മേഖലയിലും കൂടിയാലോചിച്ച് ഈ വർഷം ആദ്യ പകുതിയിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽ ഫാൻ അൽ ശംസി പറഞ്ഞു. നിലവിലെ നിയമത്തിലെ അവ്യക്തതകൾ പരിഹരിച്ചു കൂടുതൽ വിശദാംശങ്ങളോടെ പുതുക്കിയ നിർദേശങ്ങൾ ഉൾപ്പെടുത്തി നിയമം പരിഷ്കരിക്കാനാണ് ഒരുങ്ങുന്നത്. ഉപഭോക്താവ് വാങ്ങിയ ഒരു സാധനത്തിൽ തകരാർ ഉണ്ടാവുകയും പരാതിപ്പെട്ടിട്ടും വിൽപനക്കാരനിൽ നിന്ന് പ്രതികരണമുണ്ടാവുകയും ചെയ്തില്ലെങ്കിൽ എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്നത് അടക്കം നിയമത്തിൽ ഉൾപ്പെടുത്തും -അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം മന്ത്രാലയം വിവിധ തലങ്ങളിൽ 94,123 പരിശോധനകൾ നടത്തുകയും 4,227 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യമാസങ്ങളിൽ മാത്രം 8,170 പരിശോധനകൾ നടത്തുകയും 1030 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പരിശോധനകളിലൂടെ കൃത്യമായ വിലവിവരങ്ങൾ രേഖപ്പെടുത്തി പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ് നൽകുന്നതെന്നും ഉറപ്പുവരുത്താന കഴിഞ്ഞതായും അധികൃതർ കൂട്ടിച്ചേർത്തു. ഒപ്പം നിലവിൽ ഉപഭോക്താക്കൾ വളരെ വേഗത്തിൽ നിയമലംഘനങ്ങൾ മന്ത്രാലയത്തിൽ അറിയിക്കുന്ന സാഹചര്യമാണുള്ളതെന്നും അതിനാൽ തന്നെ കച്ചവടത്തിൽ വഞ്ചിക്കപ്പെടുന്നത് കുറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
അരി, മാവ്, പഞ്ചസാര, മാംസം, കോഴി, മത്സ്യം, പാലുൽപ്പന്നങ്ങൾ, ജ്യൂസുകൾ തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിതരണക്കാരുമായി സാമ്പത്തിക മന്ത്രാലയം 26യോഗങ്ങൾ ചേരുകയും റമദാനിലേക്ക് മതിയായ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുതുകയും ചെയ്തു. ദുബായിലെ നിത്യോപയോഗത്തിനുള്ള പഴങ്ങളും, പച്ചക്കറികളും19,000 ടണും അബുദാബിയിൽ 6,000 ടണും എത്തിയിട്ടുണ്ട്. നിലവിൽ ലഭ്യമായ പഴങ്ങളുടെയും പച്ചക്കറികളുടെയും സ്റ്റോക്ക് 143,000 ടൺ ആണ് എന്നും അധികൃതർ വെളിപ്പെടുത്തി.