ദുബായ് – 2023 മാർച്ച് 22ലെ ലോക ജലദിനതോടനുബന്ധിച്ച് ദുബായ് അൽ മംസാർ കോർണിഷ് ബീച്ചിൽ പരിസ്ഥിതി ബോധവത്കരണം സംഘടിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി മാതൃകയായി. എമിറേറ്റിലെ വിവിധ സ്കൂളുകളിൽനിന്ന് വിദ്യാർഥികൾ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും ഉപയോഗിച്ച് നിർമിച്ച കൂറ്റൻ തിമിംഗലമായിരുന്നു പരിപാടിയിലെ മുഖ്യ അതിഥി. ഈ നിർമാണത്തിന് 17.8 മീറ്റർ നീളവും 6.5 മീറ്റർ വീതിയും 8 മീറ്റർ ഉയരവുമുണ്ട്. ‘ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റമുണ്ടാക്കൂ’ എന്ന ശീർഷകത്തിലൂന്നിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഒപ്പം പരിസ്ഥിതി സുസ്ഥിരത പാലിക്കുന്നതിന് പ്രകൃതിവിഭവങ്ങളും വസ്തുക്കളും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ വർധിപ്പിക്കാനാണ് ബോധവത്കരണത്തിലൂടെ മറ്റുള്ളവരെ കൂടി പ്രബുദ്ധരാക്കുക എന്ന ലക്ഷ്യം വെച്ചിരുന്നു മുനിസിപ്പാലിറ്റി പരിപാടി സംഘടിപ്പിച്ചത്. ഇതിന്നായി താമസക്കാർക്കും സന്ദർശകർക്കും ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കുന്നതിന് മുനിസിപ്പാലിറ്റി നടപ്പാക്കുന്ന വിവിധ സംരംഭങ്ങളിൽ ഉൾപ്പെടുത്തിയാണ് പരിപാടി ഒരുക്കിയിരുന്നത്.
കടൽ മലിനീകരണം കാരണമായി തിമിംഗലങ്ങൾ അടക്കമുള്ള സമുദ്രജീവികളുടെ ആവാസവ്യവസ്ഥ വലിയ ഭീഷണി നേരിടുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലും കരയിലും സൃഷ്ടിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ജലദിനത്തിൽ ബോധവത്കരണത്തിന് തിരഞ്ഞെടുത്ത്. ഒപ്പം നിലവിലെ പ്രാദേശികമായും ആഗോളതലത്തിലും അനുഭവപ്പെടുന്ന പ്രധാന പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് പൊതുജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഇത്തരം ഒരാശയം രൂപപ്പെടുത്തിയതെന്ന് എന്നും അധികൃതർവ്യക്തമാക്കി. ഐക്യരാഷ്ട്രസഭ രൂപപ്പെടുത്തിയ 2023ലെ ലോക ജലദിനം ജല-ശുചിത്വ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തുന്നതിനാണ് മുൻതൂക്കം നൽകുന്നത്. പരിപാടിൽ ദുബായ് മുനിസിപ്പാലിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റും പങ്കെടുത്തു.