Breaking News Featured Gulf UAE

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍ ഹബ് പുതിയ ആസ്ഥാനം ദുബായ് ഗോള്‍ഡ് സൂഖില്‍

Written by themediatoc

ദുബായ് – ഇന്ത്യ, ജിസിസി, ഫാര്‍ ഈസ്റ്റ്, യുഎസ്എ എന്നിവിടങ്ങളിലെ 10 രാജ്യങ്ങളിലായി 310 ഔട്ട്ലെറ്റുകളുടെ വിപുലമായ റീട്ടെയില്‍ ശൃംഖലയുമായി, ആഗോളതലത്തില്‍ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ബ്രാന്‍ഡായി നിലകൊള്ളുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്, അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ പുതിയ ആഗോള ആസ്ഥാനമായി ദുബായ് ദേരയിലെ ഗോള്‍ഡ് സൂഖില്‍ കാബിനറ്റ് അംഗവും യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായ ഹിസ് എക്‌സലന്‍സി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍, ഡയറക്ടര്‍മാര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍, അഭ്യുദയകാംക്ഷികള്‍, മാനേജ്മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് സംഘടിക്കപ്പെട്ടത്.

ബ്രാന്‍ഡിന്റെ ലോകമെമ്പാടുമുള്ള വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് മാതൃകാപരമായ ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം പ്രദാനം ചെയ്യുന്നതിന്റെ 30 വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍, ഗുണനിലവാരത്തിലും പൂര്‍ണതയിലും സേവനത്തിലുമുള്ള സമര്‍പ്പിത സേവനം ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ആഭരണ വ്യാപാരി എന്ന സ്ഥാനത്തേക്ക് ഞങ്ങളെ നയിച്ചു. ഒപ്പം ബ്രാന്‍ഡിനെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനായി ഒപ്പം നില്‍ക്കുകയും പിന്തുണ നല്‍കുകയും ചെയ്ത ഞങ്ങളുടെ പങ്കാളികള്‍, ഉപഭോക്താക്കള്‍, ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, അധികാരികള്‍ എന്നിവരോട് നന്ദി അറിയിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണെന്നും എം.പി അഹമ്മദ് പറഞ്ഞു. ഒപ്പം ദുബായില്‍ മലബാര്‍ -ഇന്റര്‍നാഷനല്‍ ഹബ്ബ് സ്ഥാപിതമായതോടെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍ എന്ന സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണെന്ന് എന്നും അതുകൊണ്ടു തന്നെ പുതിയ വിപണികള്‍ കീഴടക്കുന്നതിനും നിലവിലുള്ള വിപണികളില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമായി ബ്രാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള വിഷന്‍ 2030 ലക്ഷ്യത്തിന്റെ ചവിട്ടുപടിയായാണ് പുതിയ സൗകര്യം സജ്ജീകരിച്ചിരിക്കുന്നത് എന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

Malabar International Hub (MIH) in Dubai

മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ്ബിന്റെ ഉദ്ഘാടനം തീര്‍ച്ചയായും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് ഒരു ചരിത്ര മുഹൂര്‍ത്തമാണെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ബ്രാന്‍ഡിന്റെ 30മത് വാര്‍ഷികത്തോടനുബന്ധിച്ച് ഈ ഉദ്ഘാടനം സംഘടിപ്പിക്കാനായത് അഭിമാനവും, സന്തോഷവും പകരുന്ന നിമിഷം കൂടിയാണ് സമ്മാനിക്കുന്നത്. ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കാന്‍ ഏറ്റവും മികച്ച ആവാസവ്യവസ്ഥയാണ് യുഎഇ പ്രദാനം ചെയ്യുന്നതെന്നത് ഞങ്ങള്‍ നേരിട്ടറിഞ്ഞ അനുഭവമാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള CEPA കരാര്‍ ഒപ്പുവച്ചതോടെ ഇത് പലമടങ്ങ് ശക്തിപ്പെട്ടു. CEPA മുഖേനയുള്ള ഇറക്കുമതി തീരുവ നീക്കം ചെയ്യുന്നത്, പുതിയ അന്തര്‍ദേശീയ വിപണികള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും യുഎസ് പോലുള്ള നിലവിലെ വിപണികളില്‍ റീട്ടെയില്‍ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. യുഎഇയില്‍ ബ്രാന്‍ഡിന്റെ പുതിയ ആഗോള ആസ്ഥാനം തുറക്കുന്നതോടെ, യുഎസും ഫാര്‍ ഈസ്റ്റും ഉള്‍പ്പെടെയുള്ള നിലവിലുള്ള എല്ലാ അന്താരാഷ്ട്ര വിപണികളിലെ പ്രവര്‍ത്തനങ്ങളും ദുബായില്‍ നിന്ന് നിയന്ത്രിക്കപ്പെടും. ചരിത്രപരമായ കരാര്‍ നടപ്പിലാക്കുന്നതില്‍ ഞങ്ങളുടെ മുഖ്യാതിഥി ഹിസ് എക്‌സലന്‍സി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയും സംഘവും വഹിച്ചത് സുപ്രധാനമായ പങ്കാണ്. നിറഞ്ഞ ശുഭപ്രതീക്ഷയിലേക്കാണ് പുതിയ ആഗോള ഹബ്ബിന്റെ വാതിലുകള്‍ അദ്ദേഹം തുറന്നിടുന്നതെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.

ബ്രാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവിധ ഘടകങ്ങളെയും ആവശ്യങ്ങളെയും പരിഗണിച്ചാണ് ഈ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആസ്ഥാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി.അബ്ദുല്‍ സലാം പറഞ്ഞു. ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ക്ക് ഇവിടെ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ജ്വല്ലറി വ്യാപാരത്തില്‍ ഞങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് യുഎഇ ഗവണ്‍മെന്റുമായും മറ്റ് പ്രധാന പങ്കാളികളുമായും അടുത്ത് പ്രവര്‍ത്തിക്കാനും അതുവഴി ദുബൈയുടെ സ്വര്‍ണ്ണ നഗരി എന്ന പദവി വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു സുപ്രധാന പങ്കാളിയാകാനും ബ്രാന്‍ഡ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായും കെ.പി.അബ്ദുല്‍ സലാം വ്യക്തമാക്കി.

2008-ല്‍ യുഎഇയില്‍ നിന്ന് അന്താരാഷ്ട്ര തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് 30മത് വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇന്റര്‍നാഷനല്‍ ഹബ്ബ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ അത് ബ്രാന്‍ഡിന്റെ ഒരു സുപ്രധാന നാഴികക്കല്ലായാണ് അടയാളപ്പെടുതുന്നതാണ് 28,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള, LEED GOLD സര്‍ട്ടിഫൈ ചെയ്ത ദുബൈയിലെ ഗോള്‍ഡ് ഡിസ്ട്രിക്റ്റിന്റെ ഹൃദയഭാഗത്ത് ആരെയും ആകര്‍ഷിക്കുന്ന നിലയില്‍ സ്ഥിതി ചെയ്യുന്ന പുതിയ ആസ്ഥാനം. ബ്രാന്‍ഡിന്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ബിസിനസ്സ് ലക്ഷ്യങ്ങളുടെ പ്രഭവകേന്ദ്രമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജിസിസി, യുഎസ്എ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും, ആവശ്യമായ പിന്തുണ നല്‍കാനും സാധിക്കുന്ന ഒരു ഗ്‌ളോബല്‍ സെന്‍ട്രലൈസ്ഡ് സപ്ലൈ ചെയിന്‍ സംവിധാനമായി 4 നിലകളിലായി സ്ഥിതിചെയ്യുന്ന ഇന്റര്‍നാഷനല്‍ ഹബ്ബ് പ്രവര്‍ത്തിക്കുക. കൂടാതെ സമീപ ഭാവിയില്‍ തന്നെ ബ്രാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്ന യുകെ, ഓസ്ട്രേലിയ, കാനഡ, തുര്‍ക്കി, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് തുടങ്ങിയ നിരവധി രാജ്യങ്ങളിലെ വിപുലീകരണ പദ്ധതികള്‍ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇന്റര്‍ നാഷനല്‍ ഹബ്ബില്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

കമ്പനിയുടെ അന്താരാഷ്ട്ര യുണിറ്റില്‍ നിന്നുള്ള എല്ലാ പിന്തുണയും, ഏകോപനവും, നേരത്തേ വികേന്ദ്രീകൃതവും ഓരോ രാജ്യങ്ങളിലും തന്നെ നിറവേറ്റുന്നതുമായ രീതിയിലാണ് നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ഇന്റര്‍നാഷനല്‍ ഹബ്ബ് വന്നതോടെ ഈ പ്രക്രിയയെ കൂടുതല്‍ കാര്യക്ഷമമാക്കുവാനും, എല്ലാ ഏകോപനങ്ങളും ഒരൊറ്റ കേന്ദ്രത്തില്‍ നിന്നും നിയന്ത്രിക്കാനും ഇതോടുകൂടി കമ്പനിയുടെ മാനേജ്‌മെന്റിന് സാധിക്കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള CEPA (പൊതു സാമ്പത്തിക പങ്കാളിത്ത ഉടമ്പടി) ഒപ്പുവെച്ചതിനെത്തുടര്‍ന്നാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ആഗോള ആസ്ഥാനം യുഎഇയില്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. രണ്ട് രാജ്യങ്ങളും CEPA കരാര്‍ ഒപ്പിട്ടതിലൂടെ ബ്രാന്‍ഡിന് ലഭിച്ച മികച്ച അവസരങ്ങളാണ് മലബാര്‍-ഇന്റര്‍നാഷനല്‍ ഹബ്ബ് എന്ന നൂതന ആശയത്തിലേക്ക് നേരിട്ട് നയിച്ചത്.

About the author

themediatoc

Leave a Comment