Breaking News Featured Gulf UAE

റമദാനിൽ 2,800ഓളം തടവുകാർക്ക്​ മോചനം നൽകി യു.എ.ഇ

Written by themediatoc

ദുബായ് – പരിശുദ്ധ റമദാന്​ മുന്നോടിയായി യു.എ.ഇയിൽ വിവിധ എമിറേറ്റുകളിലായി 2800ഓളം തടവുകാർക്ക്​ മോചനം നൽകാൻ ഉത്തരവ്​. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ 1025 തടവുകാരെ മോചിപ്പിക്കാൻ നിർദേശം നൽകിയതിന്​ പിന്നാലെ മറ്റ്​ എമിറേറ്റുകളിലും മോചന ഉത്തരവിറങ്ങി. ദുബായിൽ 971 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഉത്തരവിട്ടു. ഒപ്പം ഷാർജയിൽ 399 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി ഉത്തരവിട്ടു.

റാസൽഖൈമയിൽ 338 തടവുകാർക്കാണ്​ സുപ്രീം കൗൺസിൽ അംഗവും റാക്​ ഭരണാധികാരിയുമായ ശൈഖ്​ സഊദ്​ ബിൻ സഖ്​ർ അൽ ഖാസിമി മോചിപ്പിക്കാൻ ഉത്തരവിട്ടത്‌. ഫുജൈറയിൽ 151 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി നിർദേശം നൽകി. തടവുകാരെ മോചിപ്പിക്കാൻ​ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ്​ സഊദ്​ ബിൻ റാശിദ്​ ആൽ മുഅല്ല നിർദേശം നൽകിയെങ്കിലും എത്ര പേരെയാണെന്ന്​ പുറത്തുവിട്ടിട്ടില്ല.

യു.എ.ഇ ജയിലുകളിൽ കഴിയുന്ന വിവിധ രാജ്യക്കാരായ തടവുകാർക്കാണ്​ മോചനം ലഭിക്കുക. തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തോടൊപ്പം ചേരാനും തെറ്റുകളിൽ നിന്ന് തിരിച്ചുവരാനുമുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ്​ മോചനം നൽകുന്നത്​. എല്ലാ റമദാനിലും യു.എ.ഇ ഭരണാധികാരികൾ ഇത്തരത്തിൽ തടവുകാ​രെ മോചിപ്പിക്കാറുണ്ട്​.

About the author

themediatoc

Leave a Comment