ദുബായ് – വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കാമ്പുമായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ‘എ ഹോം ലാൻഡ് ഫോർ ഓൾ’ എന്ന് പേരിട്ടിരിക്കുന്ന കാമ്പയിനിൽ റെസിഡന്‍റ്, ടൂറിസ്റ്റ്, സന്ദർശക വിസക്കാർക്കെല്ലാം പ്രശ്ന പരിഹാരം തേടാം. വിസ കാലാവധി അവസാനിച്ചതിനെ തുടർന്ന് വൻ തുക പിഴയുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപകരിക്കപ്പെടുന്നതാണ് ക്യാമ്പ്.
ഫെബ്രുവരി 25 മുതൽ 27 വരെ ദേര സിറ്റി സെന്‍ററിലെ സ്റ്റാളിലാണ് (സെന്‍റർ പൊയന്‍റ് ഷോപ്പിന് സമീപം) പരിപാടി നടത്തുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെ സഹായം തേടാം. ജി.ഡി.ആർ.എഫ്.എയുടെ സാമൂഹിക മാധ്യമ പേജുകളിലാണ് ഇക്കാര്യം അറിയിച്ചത്.
വിസ കാലാവധി കഴിഞ്ഞതിനെ തുടർന്നുള്ള പിഴ, രേഖകളുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നുള്ള പ്രശ്നങ്ങൾ തുടങ്ങിയവ പരിഗണിക്കും. 10 വർഷം വരെ ഓവർസ്റ്റേ പിഴയുള്ളവർക്കും പരിഹാരമുണ്ടെന്ന് ജി.ഡി.ആർ.എഫ്.എ ക്ലൈന്റ് ഹാപ്പിനസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സാലിം ബിൻ അലി വ്യക്തമാക്കി.