ദുബായ് – യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഹൃസ്വകാല സന്ദർശനത്തിനായി പാകിസ്താനിലെത്തി. വിമാനത്താവളത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫും മറ്റ് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും നേരിട്ടെത്തി സ്വീകരിച്ചു. യു.എ.ഇ - പാകിസ്താൻ ബന്ധം ദൃഢപ്പെടുത്തുന്നതിനെപ്പറ്റിയും ഭാവികാല സഹകരണത്തെപ്പറ്റിയും ഇരുനേതാക്കളും ചർച്ച ചെയ്തു. ഒപ്പം സാമ്പത്തികം, വ്യാപാരം, വികസനം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇരുനേതാക്കളും തമ്മിൽ ധാരണയായി.
പ്രാദേശികവും അന്തർദേശീയവുമായി ഇരുരാജ്യങ്ങളും നേരിടുന്ന പൊതുപ്രശ്നങ്ങളും ചർച്ചയിൽ വന്നു. ഇരു രാജ്യങ്ങളും തമ്മിൽ വികസനമേഖലഉൾപ്പെടെ വിവിധ സാഹചര്യങ്ങളിൽ പാകിസ്താനെ പിന്തുണക്കുന്നതിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ഷഹ്ബാസ് ശരീഫ് നന്ദി അറിയിച്ചു.
അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗം ശൈഖ് തയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ പ്രസിഡന്റിന്റെ ഉപദേശകൻ ശൈഖ് സുൽത്താൻ ബിൻ ഹംദാൻ ആൽ നഹ്യാൻ, ദേശീയ സുരക്ഷ സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ അലി മുഹമ്മദ് ഹമ്മാദ് അൽ ഷംസി, പാകിസ്താനിലെ യു.എ.ഇ അംബാസഡർ ഹമദ് ഒബൈദ് ഇബ്രാഹിം സാലിം അൽസാബി, പാകിസ്താൻ ഉദ്യോഗസ്ഥർ എന്നിവരും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനോടൊപ്പം അനുഗമിച്ചിരുന്നു.